ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചതിനുള്ള അംഗീകാരം: ഐഎംസിസി
ജിദ്ദ: കേരളത്തില്‍ ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചതിനുള്ള അംഗീകാരമാണെന്ന് ഐഎംസിസി ജിദ്ദയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സമയബന്ധിതമായി പരിഹാരങ്ങള്‍ ആവിഷ്‌കരിച്ച് പ്രയാസഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച പിണറായി സര്‍ക്കാരിനെ ജനം നെഞ്ചിലേറ്റിയതാണ് കേരളത്തില്‍ ചരിത്രം കുറിച്ച് തുടര്‍ഭരണവുമായി രണ്ടാം ഘട്ടത്തിലേക്ക് എത്തിപ്പെടാന്‍ സാഹചര്യമുണ്ടായത്.
തങ്ങളെ സംരക്ഷിക്കുമെന്നും ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും കഴിഞ്ഞ സര്‍ക്കാരില്‍ നിന്നനുഭവിച്ച മാനുഷികമായ സമീപനങ്ങളുമാണ് ഈ ഉജ്വല വിജയത്തിന്റെ അടിസ്ഥാനം. ഇടതുസര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണെന്നും ഐഎംസിസി വ്യക്തമാക്കി. ഐഎന്‍എല്‍ മന്ത്രിസഭയില്‍ അംഗമായതിലുള്ള സന്തോഷം രേഖപ്പെടുത്താന്‍ ജിദ്ദ ഐഎംസിസി സംഘടിപ്പിച്ച വിരുന്നില്‍ വിവിധ ഇടതുപക്ഷ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
സൗദി ഐഎംസിസി പ്രേസിടെന്റും ലോക കേരള സഭ അംഗവുമായ എ എം അബ്ദുല്ല കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. കിസ്മത് (നവോദയ) പി പി എ റഹിം, സത്തര്‍ (ന്യൂ ഏജസ്) കബീര്‍ കൊണ്ടോട്ടി, ഹംസ മേലാറ്റൂര്‍, ഇബ്രാഹിം വേങ്ങര, ലുഖ്മാന്‍ തിരുരങ്ങാടി, ഷബീര്‍ തിരുരങ്ങാടി, ഹസീബ് പൂങ്ങാടന്‍, സഹീര്‍ കാളംബ്രട്ടില്‍, അബു കൊടുവള്ളി, എ എം നിയാസ്, ഷാജി അരിമ്പ്രതൊടി, അമീര്‍ മൂഴിക്കല്‍, മന്‍സൂര്‍ വണ്ടൂര്‍, സി എച്ച് അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.