അബ്ദുല്‍ റഹീമിന്റെ മോചനം; കോടതി സിറ്റിങ് ഒക്ടോബര്‍ 17 ന്

Update: 2024-09-18 07:15 GMT

റിയാദ് : സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ പൊതുവാദം കേള്‍ക്കാന്‍ 17 ന് കോടതി സമയം അനുവദിച്ചതായി റിയാദ് റഹീം സഹായ സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും റഹീമിന്റെ ഫയലുകള്‍ കോടതിയിലെത്തി. ഇനി മുന്‍ കൂട്ടി തന്ന തിയ്യതി അനുസരിച്ച് ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച രാവിലെ കോടതി ചേരും.

കോടതി അനുവദിച്ച സമയത്ത് എംബസി ഉദ്യോഗസ്ഥരും, പ്രതിഭാഗം വക്കീലും, റഹീമിന്റെ കുടുംബപ്രതിനിധിയും റിയാദ് ക്രിമിനല്‍ കോടതിയില്‍ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു.

വാദി ഭാഗത്തിന് ദിയ ധനം നല്‍കിയതോടെ സ്വകാര്യ അവകാശമായിരുന്ന വധ ശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇനി പബ്ലിക് റൈറ്റ്‌സിലാണ് കോടതി വിധിയുണ്ടാകേണ്ടത്. 18 വര്‍ഷത്തിലധികം തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ പബ്ലിക് റൈറ്റ്‌സിലെ പരമാവധി ശിക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചിരുന്നു. അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ അബ്ദുല്‍ റഹീമിന്റെ വക്കീല്‍ ഒസാമ അല്‍ അമ്പര്‍, റഹീമിന്റെ കുടുംബപ്രതിനിധി സിദ്ധിക്ക് തുവ്വൂര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ചെയര്‍മാന്‍ സിപി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, ചീഫ് കോഡിനേറ്റര്‍ ഹര്‍ഷദ് ഫറോക്ക്, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയം ആയിട്ടില്ലെന്നും റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റിക്കുന്ന ഒരുതരം വിവാദങ്ങള്‍ക്കും തല്‍ക്കാലം ചെവി കൊടുകുന്നില്ലെന്നും സമിതി പറഞ്ഞു. മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ഷകീബ് കൊളക്കാടന്‍, സുരേന്ദ്രന്‍ കൂട്ടായി, മീഡിയ കണ്‍വീനര്‍ നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.





Tags:    

Similar News