സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഇന്ത്യക്കാര്‍ക്കും ലഭിച്ചു തുടങ്ങി

മുംബൈ കോണ്‍സുലേറ്റില്‍ നിന്ന് ഒരു മാസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ചൊവ്വാഴ്ച സ്റ്റാമ്പ് ചെയ്ത് കിട്ടിയത്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഉടന്‍ ലഭ്യമാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

Update: 2019-10-03 03:56 GMT

റിയാദ്: സൗദിയിലേക്കുള്ള സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കിയതിന്റെ പ്രയോജനം ഇന്ത്യക്കാര്‍ക്കും ലഭിച്ചു തുടങ്ങി. മുംബൈ കോണ്‍സുലേറ്റില്‍ നിന്ന് ഒരു മാസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ചൊവ്വാഴ്ച സ്റ്റാമ്പ് ചെയ്ത് കിട്ടിയത്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഉടന്‍ ലഭ്യമാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. അപേക്ഷക്കൊപ്പം വിവിധ രേഖകള്‍ ഇതിനായി സമര്‍പ്പിക്കണം. നിലവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് എംബസി മുഖാന്തിരം കടമ്പകളേറെ താണ്ടണം വിസ ലഭിക്കാന്‍. ഡിസംബറോടെ ഓണ്‍ലൈന്‍ വിസ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചിട്ടുണ്ട്.

ആറുമാസമെങ്കിലും കാലാവധി ബാക്കിയുള്ള പാസ്‌പോര്‍ട്ട്, യാത്രക്കാരന്റെ ബയോഡാറ്റയും ഇന്ത്യയിലെ സ്ഥാപനത്തില്‍ നിന്നുള്ള ശിപാര്‍ശ കത്തും, കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്, ആധാര്‍ കോപ്പിയും കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മന്റെും, സൗദിയില്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിന്റെയോ അപാര്‍ട്ട്മന്റെിന്‍േറയോ വിലാസവും ഫോണ്‍ നമ്പറും തുടങ്ങിയ രേഖകള്‍ വേണം. ഇത്രയും രേഖകള്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ കോണ്‍സുലേറ്റില്‍ ഏജന്റ് മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. ഭര്‍ത്താവാണ് പോകുന്നതെങ്കില്‍ ഭാര്യക്കും മക്കള്‍ക്കും വിസ ലഭിക്കുന്നുണ്ട്. എന്നാല്‍ ഭാര്യക്ക് ഒറ്റക്ക് അപേക്ഷ നല്‍കണമെങ്കില്‍ മേല്‍പറഞ്ഞ രേഖകള്‍ അത്യാവശ്യമാണെന്ന് ഏജന്റുമാര്‍ പറയുന്നു. ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ ആദ്യമായി സ്റ്റാമ്പ് ചെയ്തത് ചൊവ്വാഴ്ചയാണ്. നിലവില്‍ സൗദിയില്‍ റസിഡന്റ് വിസയുള്ളവരുടെ ആശ്രിതര്‍ക്കു മാത്രമാണ് സന്ദര്‍ശക വിസ ലഭിക്കുന്നത്. 

Tags:    

Similar News