ഷാര്‍ജ: ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജയെ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്‌കോ ആണ് ഷാര്‍ജയെ 'വേള്‍ഡ് ബുക്ക് കാപ്പിറ്റല്‍ 2019' ആയി പ്രഖ്യാപിച്ചത്. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് അല്‍ മജാസ് ആംഫി തിയേറ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുനെസ്‌കോ അസി. ഡയറക്ടറില്‍ നിന്നും ബഹുമതി സ്വീകരിച്ചു. ഈ അപൂര്‍വ നേട്ടം ആഘോഷിക്കാന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്കും ഇതോടെ തുടക്കമായി. ലോകത്തിന്റെ ഗ്രന്ഥശാലകള്‍ മുഴുവന്‍ വിജ്ഞാനം കൊണ്ട് നിറക്കുകയും മാനവികതയുടെ പാതയില്‍ പ്രകാശിപ്പിക്കുകയും ചെയ്ത ചിന്തകരേയും ശാസ്ത്രജ്ഞരേയും എഴുത്തുകാരെയും മഹാന്‍മാരെയും സ്മരിക്കുന്നുവെന്ന് ഡോ. ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പുസ്തക മേളയിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തക മേള സംഘടിപ്പിക്കുന്നത് ഡോ. ശൈഖ് സുല്‍ത്താനാണ്.