ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ (കെപിഎസ്‌ജെ) പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്‌നേഹപൂര്‍വ്വം കൊല്ലം എന്ന പേരില്‍ ജിദ്ദയില്‍ മെഗാ കലാ സന്ധ്യ ഒരുങ്ങുന്നു. ജൂണ്‍ രണ്ടിന് രാത്രി 8:30 ന് ജിദ്ദ ബനി മാലിക് ഡിസ്ട്രിക്ടിലെ എലൈറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്.
സിനിമ പിന്നണി ഗായകന്‍ അഫ്‌സല്‍ നയിക്കുന്ന 'മ്യൂസിക്കല്‍ നൈറ്റ് 'ആയിരിക്കും പരിപാടികളിലെ മുഖ്യ ആകര്‍ഷണം.അഫ്‌സലിനൊപ്പം റിയാദില്‍ നിന്നും മീഡിയവണ്‍ പതിനാലാം രാവ് ഫെയിം ഹിബ അബ്ദുല്‍ സലാമും പങ്കു ചേരും. ജിദ്ദയുടെ കലാകാരന്മാരുടെ കലാവിരുന്നിനൊപ്പം മറ്റു പ്രമുഖ ഗായകരും അണിനിരക്കും. തുടര്‍ന്ന് ജിദ്ദയിലെ പ്രശസ്ത നൃത്ത അധ്യാപിക പുഷ്പ സുരേഷ് അണിയിച്ചൊരുക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, മറ്റു പ്രശസ്തരായ കൊറിയോഗ്രാഫേഴ്‌സ് ചിട്ടപ്പെടുത്തുന്ന സിനിമാറ്റിക് ഡാന്‍സുകളും ശ്രീ വേണു പിള്ള സംവിധാനം ചെയുന്ന വയലാര്‍ രാമവര്‍മ്മയുടെ പ്രസിദ്ധമായ പ്രൊക്രൂസ്റ്റസ് എന്ന കവിതയുടെ ആവിഷ്‌കാരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അമ്മ ടൈറ്റ്ല്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡിവോഷണല്‍ ഡാന്‍സ്,കാശ്മീരി ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്,അഫ്‌സല്‍ ഹിറ്റ്‌സ്,കിഡ്‌സ് ഡാന്‍സ്, കവിതാവിഷ്‌കാരം എന്നീ പരിപാടികളും അരങ്ങേറും.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പ്രൗഢമായ അധ്യായങ്ങള്‍ രചിച്ച് പ്രവര്‍ത്തിച്ചുവരുന്ന കൊല്ലം പ്രവാസി സംഗമം ജിദ്ദ, കൊല്ലം ജില്ലക്കാരായ പ്രവാസികള്‍ക്കും നാട്ടിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചെയ്തുവരുന്നു.കൊവിഡ് മഹാമാരിയുടെ സമയത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.
ജിദ്ദയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഷാനവാസ് കൊല്ലം (പ്രസിഡന്റ്), ഷാനവാസ് സ്‌നേഹക്കൂട് (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് കുറിയോട് (ട്രഷറര്‍), മനോജ് കുമാര്‍ (പ്രോഗ്രാം കണ്‍വീനര്‍),സാജു രാജൻ (കൾച്ചറൽ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.