'ദി ഡിസ്റ്റന്‍സ്' സുവനീര്‍ വിതരണോദ്ഘാടനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നിര്‍വ്വഹിച്ചു

മക്ക ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഡോ.ഗദീര്‍ തലാല്‍ മലൈബാരി സുവനീര്‍ ഏറ്റുവാങ്ങി.

Update: 2021-04-10 00:50 GMT

ജിദ്ദ: കോവിഡ് ഭീതി വിതച്ച കാലത്തെ അനുഭവങ്ങളും, പുതിയ ലോകക്രമത്തിലെ മാറ്റങ്ങളും സാധ്യതകളും വിവരിച്ചു കൊണ്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സഊദി കമ്മിറ്റി പുറത്തിറക്കിയ സുവനീര്‍ 'ദി ഡിസ്റ്റന്‌സിന്റെ' സഊദി വെസ്‌റ്റേണ്‍ പ്രവിശ്യയിലെ വിതരണോദ്ഘാടനം ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം നിര്‍വ്വഹിച്ചു.

മക്ക ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഡോ.ഗദീര്‍ തലാല്‍ മലൈബാരി സുവനീര്‍ ഏറ്റുവാങ്ങി. ജിദ്ദ ഐബിസ് ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ പൗരപ്രമുഖരും വിദ്യാഭ്യാസ മാധ്യമ രംഗത്തെ ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു.

ജീവകാരുണ്യ മേഖലകളില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തുന്ന സേവനങ്ങളെ കോണ്‍സുല്‍ ജനറല്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു. കോവിഡ് കാലഘട്ടത്തിലും ഫ്രറ്റേണിറ്റി ഫോറം സേവന നിരതമായിരുന്നുവെന്നറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ദി ഡിസ്റ്റന്‍സ്' ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രഗത്ഭരുടെ ലേഖനങ്ങളും ആരോഗ്യ സന്നദ്ധ സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ അനുഭവക്കുറിപ്പുകളും പ്രവാസികള്‍ക്കുള്ള നല്ലൊരു ഉപഹാരമായിരിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ ആശംസിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍അസീസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ.സുബൈര്‍ സുവനീര്‍ പരിചയപ്പെടുത്തി.


ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്, കന്നട എന്നീ അഞ്ച് ഭാഷകളിലുള്ള കൃതികള്‍ ഉള്‍ക്കൊള്ളുന്ന സുവനീര്‍ ഏതൊരു ഇന്ത്യന്‍ പ്രവാസിക്കും സ്വീകാര്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹസ്സന്‍ ചെറൂപ്പ, നോര്‍ത്ത് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അസീസുല്‍ റബ്ബ്, ഇന്ത്യ ഫോറം പ്രസിഡന്റ് മീര്‍ ഫിറോസുദ്ദിന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.പി. അലി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, സകരിയ ബിലാദി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണല്‍ പ്രസിഡന്റ് ഫയാസുദ്ദിന്‍, സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അസിം സീഷാന്‍ മോഡറേറ്ററായിരുന്നു.

Tags:    

Similar News