'ദ ഡിസ്റ്റന്‍സ്' സുവനീര്‍ വിതരണോദ്ഘാടനം വര്‍ണാഭമായി

Update: 2021-04-05 14:10 GMT

അബഹ: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ദ ഡിസ്റ്റന്‍സ് എന്ന സുവനീറിന്റെ അസീര്‍തല വിതരണോദ്ഘാടനം വര്‍ണാഭമായി. കഴിഞ്ഞദിവസം ഖമീസ് മുശൈത്ത് താജ്മഹല്‍ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറം അസീര്‍ റീജ്യനല്‍ പ്രസിഡന്റ് സലിം ജി കെ ഡോ.ബിനു കുമാറിന് ആദ്യകോപ്പി കൈമാറി.

ലോകത്തെ നടുക്കിയ കൊറോണ വൈറസ് ബാധ പ്രവാസി സമൂഹത്തിലും വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഇത്തരമൊരു ആശയവുമായി രംഗത്തുവന്നത്. വിവിധ ഭാഷകളിലായി ആരോഗ്യമേഖലകളിലെ പ്രഗല്‍ഭരെയും വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരെയും എഴുത്തുകാരെയും അധ്യാപകരെയും ഉള്‍കൊള്ളിച്ചുള്ള മാഗസിന്‍ വായനക്കാര്‍ക്ക് പുത്തന്‍ അറിവ് നല്‍കാന്‍ ഉപകാരപ്പെടുന്നതാണെന്ന് ജി കെ സലിം അഭിപ്രായപ്പെട്ടു.

കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലും സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ക്കരിച്ച് ഡോക്ടര്‍ എന്ന നിലയില്‍ മാതൃകാപ്രവര്‍ത്തനം കാഴ്ചവച്ച കമീസ് മൈ കെയര്‍ ക്ലിനിക്കിലെ ഡോ. ബിനുകുമാര്‍തന്നെ മാഗസിന്‍ ഏറ്റുവാങ്ങാന്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. ലുഖ്മാന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ പരിപാടി ഫ്രറ്റേണിറ്റി ഫോറം എക്‌സിക്യൂട്ടീവ് അംഗം ഹനീഫ ജോക്കട്ടെ പരിപാടി നിയന്ത്രിച്ചു.

സാബിര്‍ അലി നാലകത്ത് മാഗസിന്‍ പരിചയപ്പെടുത്തി. അസീര്‍ റീജ്യനല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, അല്‍ ജുനൂബ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഡോ.തൗഖീര്‍ ഇഖ്ബാല്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം, മാധ്യമം റിപോര്‍ട്ടര്‍ മുജീബ് എല്ലുവിള, കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. അബ്ദുല്‍ കാദര്‍ തിരുവനന്തപുരം, മുഹമ്മദ് റാഫി പട്ടര്‍പാലം സംസാരിച്ചു.

Tags:    

Similar News