ദമ്മാം: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ കമ്മിറ്റി പുറത്തിറക്കിയ 'ദ ഡിസ്റ്റന്‍സ്' സുവനീറിന്റെ സൗദി കിഴക്കന്‍ പ്രവിശ്യാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു. അല്‍ ഖോബാര്‍ സെന്‍ട്രൊ റൊട്ടാന ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ ആദ്യകോപ്പി അര്‍ഷദ് അന്‍വര്‍ ബംഗളൂരുവിനു കൈമാറി.
ഫ്രറ്റേണിറ്റി ഫോറം നടത്തുന്ന സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഓരോ പ്രവര്‍ത്തനങ്ങളും വളരെ മാതൃകാപരമാണെന്നും നിതാഖാത്ത് കാലയളവിലും കൊവിഡ് മാഹാമാരി ഘട്ടത്തിലും കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ, ജീവകാരുണ്യ, കൗണ്‍സിലിങ് പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വാദി ദവാസിറിലെ പ്രിന്‍സ് സത്താം യൂനിവേഴ്‌സിറ്റി അധ്യാപകനും സുവനീര്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ ഇസ്മായില്‍ ഹസ്സന്‍ പാണാവള്ളി വീഡിയൊ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.
അഞ്ചുഭാഷകളിലായി ആരോഗ്യമേഖലകളിലെ പ്രഗല്‍ഭരുടേയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെയും സാമ്പത്തിക വിദഗ്ധരുടേയും അധ്യാപകരുടേയും മറ്റ് എഴുത്തുകാരുടേയും കൃതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള മാഗസിന്‍ വായനക്കാര്‍ക്ക് പുത്തന്‍ അറിവ് നല്‍കാന്‍ ഉപകാരപ്പെടുന്നതാണെന്ന് സുവനീര്‍ പരിചയപ്പെടുത്തിക്കൊണ്ട് ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലെ സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, ബിസിനസ്, മാധ്യമരംഗങ്ങളില്‍നിന്നുള്ള ആല്‍ബിന്‍ ജോസഫ് (കേരളം), മുഹമ്മദ് അബ്ദുല്‍ വാരിസ് (ഹൈദറാബാദ്), ഡോക്ടര്‍ നബീല്‍ അഹ്മദ് (തമിഴ്‌നാട്), ഡോക്ടര്‍ സജ്ജാദ് പാഷ (ഡല്‍ഹി), അമീന്‍ ഖുറേഷി (ഗുജറാത്ത്), മുജീബ് കളത്തില്‍ (ദമ്മാം മീഡിയ ഫോറം, കേരളം) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഫ്രറ്റേണിറ്റി ഫോറം കര്‍ണാടക ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് മെംബര്‍ മിഹ്‌റാജ് അഹ്മദ്, റീജ്യനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍ സംസാരിച്ചു. റീജ്യനല്‍ കമ്മറ്റി അംഗങ്ങളായ ഹക്കിം അബ്ദുല്ല, ഷറഫുദീന്‍, മുഹമ്മദ് ആമിര്‍ മൗലവി, അഫ്‌സര്‍ ഹുസൈന്‍, മുഹമ്മദ് സാജിദ്, സിറാജുദ്ദീന്‍, അബൂസാലി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.