വിദ്യാഭ്യാസത്തിലെ നവീന പ്രവണതകള്‍ തുറന്നുകാട്ടി റിയാദ് എഡ്യു എക്‌സ്‌പോ സമാപിച്ചു
റിയാദ് : ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച റിയാദ് എഡ്യൂ എക്‌സ്പോ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുത്തന്‍ അനുഭവമായി. അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി അറുനൂറിലേറെ പേര്‍ പങ്കെടുത്തു. പുതിയ സംരംഭമായ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദിന്റെ ലോന്‍ജിങ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് എം ഷൗക്കത് പര്‍വേഷ് നിര്‍വ്വഹിച്ചു.
ടെക് പ്രോക്‌സിമ എക്‌സികുട്ടീവ് ഡയറക്ടര്‍ ഷെയ്ഖ് സലിം നയിച്ച പാനല്‍ ഡിസ്‌കഷനില്‍ ഒറാക്കിള്‍ സീനിയര്‍ മാനേജര്‍ മുഹമ്മദ് അഹമ്മദ്, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ അമീര്‍ ഖാന്‍, ഡോക്ടര്‍ സൈനുല്‍ ആബിദീന്‍, സൈക്കോളജിസ്‌റ് സുഷമ ഷാന്‍, സാബിക് സ്റ്റാഫ് സയന്റിസ്റ്റ് അബ്ദുല്‍ നിസാര്‍, റോബോട്ടിക്‌സ് ഐഒടി ട്രെയിനര്‍ മുഹമ്മദ് റിഷാന്‍ തുടങ്ങിയവര്‍ ഓരോ മേഖലയിലെയും കരിയര്‍ സാധ്യതകള്‍ പങ്കുവെച്ചു. ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എം സി സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.