ഉയര്‍ന്ന വിദ്യാഭ്യാസ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയാലും സോഫ്റ്റ് സ്‌കില്‍സ് പരിശീലനം നേടണം: 'സ്‌പോണ്‍ണ്ടേനിയസ് 2024'

Update: 2024-06-02 11:02 GMT
ജിദ്ദ: ഉയര്‍ന്ന വിദ്യാഭ്യാസ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയാലും സോഫ്റ്റ് സ്‌കില്‍സ് പരിശീലനം നേടണമെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച 'സ്‌പോണ്‍ണ്ടേനിയസ് 2024' നേതൃത്വ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും സമകാലീന വെല്ലുവിളികളെ അതിജീവിച്ച് തൊഴില്‍ മേഖലയിലും ഭരണ നേതൃത്വ തലങ്ങളിലും സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി അതിജീവിക്കാന്‍ കഴിയാതെ വരുന്നത് പ്രയോഗിക പരിശീലനത്തിന്റെ അപര്യാപ്തതയാണെന്ന് യോഗം വിലയിരുത്തി.

വ്യക്തിത്വ വികസനം, ആശയ വിനിമയം, മീഡിയ സ്‌കില്‍സ്, പ്രവാസി ക്ഷേമം, ബേസിക് ലൈഫ് സപ്പോര്‍ട്ട്, സംഘടന നിര്‍വ്വഹണം, ഇവെന്റ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ നാല് ദിവസങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 44 പേര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയ പരിശീലകരെ വിവിധ കലാ പരിപാടികള്‍ അരങ്ങേരിയ സാംസ്‌കാരിക സമാപന വേദിയില്‍ ആദരിച്ചു.

ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അദ്ധ്യക്ഷനായിരുന്നു. ട്രഷറര്‍ ഷരീഫ് അറക്കല്‍, ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് , നവാസ് തങ്ങള്‍ കൊല്ലം, വേണു അന്തിക്കാട്, സുബൈര്‍ ആലുവ, നൗഷാദ് ചാത്തല്ലൂര്‍, വിലാസ് കുറുപ്പ് പത്തനംതിട്ട, റാഫി ഭീമാപള്ളി, ഖാദര്‍ ആലുവ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News