പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

സൗദി അറേബ്യയിലെ വിവിധ ഇസ്‌ലാഹി സെന്ററുകള്‍ക്ക് കീഴില്‍ നാഷനല്‍ കമ്മിറ്റി നടപ്പാക്കുന്ന കര്‍മ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി

Update: 2019-07-16 04:16 GMT

റിയാദ്: കാലങ്ങളായി പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിമാനയാത്രാ നിരക്കുകള്‍ ഏകീകരിക്കാനും അനിയന്ത്രിത ചൂഷണം തടയാനുമുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥ കാരണം നിക്ഷേപകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രവാസി സമൂഹം മുന്നോട്ടുവരണം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ കൊലപാതകങ്ങള്‍ ആശങ്കാജനകമാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പോലും ജീവന്‍ നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥകളാണുള്ളത്. ശക്തമായ നിയമനീക്കങ്ങളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാനും കുറ്റവാസനകള്‍ തടയാനുമുള്ള സാമൂഹിക പരിസരമം സൃഷ്ടിക്കണം. സൗദി അറേബ്യയിലെ വിവിധ ഇസ്‌ലാഹി സെന്ററുകള്‍ക്ക് കീഴില്‍ നാഷനല്‍ കമ്മിറ്റി നടപ്പിലാക്കുന്ന കര്‍മ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.

    പ്രവാസി മലയാളികളില്‍ ഇസ്‌ലാമിക സന്ദേശം ഫലപ്രദമായി എത്തിക്കുക, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വ്യവസ്ഥാപിത മതപഠനം, ഇസ്‌ലാഹി ഹജ്ജ് കാരവന്‍, ജീവകാരുണ്യ സംരംഭങ്ങള്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനുള്ള രൂപരേഖ യോഗം ചര്‍ച്ച ചെയ്യുകയും വിവിധ ഉപസമിതികളും കണ്‍വീനര്‍മാരെയും തിരഞ്ഞെടുക്കുകയും ചെയ്തു. ദഅ്‌വത്ത്: കബീര്‍ സലഫി പറളി, വിദ്യാഭ്യാസം: ഹബീബ് റഹ്മാന്‍, സഅദുദ്ദീന്‍ സ്വലാഹി, നിച്ച് ഓഫ് ട്രൂത്ത്: ശിഹാബ് സലഫി എടക്കര, വിദ്യാര്‍ഥി-വനിത: അബ്ദുല്‍ ഹക്കീം, പ്രസിദ്ധീകരണം: അബ്ദുല്‍ ജബ്ബാര്‍ അല്‍ഖോബാര്‍, സാമൂഹിക ക്ഷേമം: ഹബീബ് റഹ്മാന്‍, ലേണ്‍ ദി ഖുര്‍ആന്‍: അബ്ദുര്‍റസാഖ് സ്വലാഹി, ഖുര്‍ആന്‍ മുസാബക്ക: മുജീബ് അലി തൊടികപ്പുലം, ഹജ്ജ്-ഉംറ: ഇദ്‌രീസ് സ്വലാഹി, മീഡിയ-ഐടി: അബ്ബാസ് ചെമ്പന്‍, അബ്ദുല്‍ ഹക്കീം. യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ്, ഇദ്‌രീസ് സ്വലാഹി, ഹബീബ് റഹ്മാന്‍ പരപ്പനങ്ങാടി, അബ്ദുല്‍ ജബ്ബാര്‍, മുജീബ് അലി തൊടികപ്പുലം, സഅദുദ്ദീന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍, സെക്രട്ടറി അബ്ദുര്‍റസാഖ് സ്വലാഹി സംസാരിച്ചു.



Tags:    

Similar News