പി സി അബ്ദുല്ല
ന്യൂഡല്‍ഹി: പിറന്ന മണ്ണില്‍ നിന്നു ജീവിത നിസ്സഹായതകളിലേക്ക് ആട്ടിയോടിക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം. മനുഷ്യാവസ്ഥയിലെ ഏറ്റവും ദൈന്യവും ദുരന്തപൂര്‍ണവുമായ ജീവിതസാഹചര്യങ്ങള്‍ക്കൊപ്പം സംഘപരിവാരത്തിന്റെ നിരന്തര വേട്ടയാടലുംകൂടിയാവുമ്പോള്‍ ജീവിതം അവര്‍ക്കു മുമ്പില്‍ ഭീതിദമായ വര്‍ത്തമാനം. ഡല്‍ഹിയിലും ഹരിയാനയിലും ജമ്മുവിലുമടക്കം ഉത്തരേന്ത്യയില്‍ മാത്രം 40,000ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളാണുള്ളത്. ഹരിയാന നൂഹു ജില്ലയിലെ മേവാത്തിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ളത്- 25,000 ഓളം പേര്‍. ഡല്‍ഹിയില്‍ ഷഹിന്‍ബാഗ്, ഫരീദാബാദ്, കാളിന്ദി ഗഞ്ച്, മൊജൂദ് എന്നിവിടങ്ങളിലാണ് അഭയാര്‍ഥി കോളനികള്‍.ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ മൊജൂദ് ഗ്രാമത്തി ല്‍ 15 സെന്റില്‍ പ്ലാസ്റ്റിക്കുകൊണ്ടു മറച്ച 20ഓളം കൊച്ചു കുടിലുകള്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം 180 പേര്‍.
കഷ്ടിച്ച് രണ്ടുനേരം മാത്രം ഗോതമ്പു റൊട്ടി. എല്ലും തോലുമായ കുഞ്ഞുങ്ങള്‍. റാംചന്ദര്‍ എന്ന ജന്മിയുടെ പുറമ്പോക്കില്‍ മാസം 15,000 രൂപ വാടക കൊടുത്താണ് ഇവിടെ അഭയാര്‍ഥികള്‍ കഴിയുന്നത്.
മഴപെയ്താല്‍ കുടിലുകളില്‍ വെള്ളം കയറും. പരിസരത്തെ മാലിന്യങ്ങള്‍ മഴയില്‍ ഒലിച്ചുവന്ന് അടിഞ്ഞുകൂടുന്നതും ഇവിടെ തന്നെ. വിട്ടുമാറാത്ത പകര്‍ച്ചവ്യാധികള്‍.നഗരപ്രാന്തങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് പെറുക്കി വിറ്റാണ് ഇവരുടെ ഉപജീവനം. മുതിര്‍ന്നവര്‍ അതിരാവിലെ അതിനായി പുറപ്പെടും. കൈത്തൊഴിലുകളൊന്നുമറിയാത്തതിനാല്‍ ആരും ജോലിക്കു വിളിക്കുന്നില്ലെന്ന് കോളനിയിലെ കാര്യങ്ങള്‍ നോക്കുന്ന മുഹമ്മദ് റഷീദ് തേജസിനോട് പറഞ്ഞു. ചെറിയ കുഴല്‍ക്കിണറില്‍ പല ദിവസങ്ങളിലും വെള്ളം കിട്ടില്ല. കക്കൂസ് ഇല്ലാത്തതിനാല്‍ സ്ത്രീകളടക്കം വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്നു.
ആധാര്‍ ഉള്‍പ്പെടെ അടിസ്ഥാന രേഖകളൊന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്കു ലഭിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികില്‍സയും നിഷേധിക്കപ്പെടുന്നു. ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് യുഎന്‍ അഭയാര്‍ഥി കാര്‍ഡ് ലഭ്യമാക്കാന്‍ ചില സന്നദ്ധപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കനിയാത്തത് ഇതിനു തിരിച്ചടിയാവുന്നു. സംഘപരിവാര ഭീഷണിയുടെ നടുവില്‍ ഭയത്തോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ബലിപെരുന്നാളിന് ദാനമായി കിട്ടിയ രണ്ട് ആടുകളെ അറുക്കാന്‍ ആര്‍എസ്എസുകാര്‍ അനുവദിച്ചില്ല.രാജ്യത്ത് ഏറ്റവുമധികം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുള്ള ഹരിയാനയിലെ മേവാത്ത് ഗ്രാമത്തില്‍ ഹൃദയഭേദകമാണ് കാഴ്ചകള്‍.
12 ഇടങ്ങളിലായാണ് ഇവിടെ അഭയാര്‍ഥി കോളനികള്‍. കടുത്ത ജലദൗര്‍ലഭ്യമാണ് മേവാത്തിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കാല്‍ലക്ഷത്തോളം അഭയാര്‍ഥികളുള്ള മേവാത്തില്‍ പുഴുക്കളുടേതിനു സമാനമാണ് മനുഷ്യജീവിതം. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച ചെറിയ കൂരകളിലും മരത്തണലിലെ മണലിലും മറ്റുമായി അന്തിയുറങ്ങുന്നവര്‍. നൂറുകണക്കിന് വിധവകളും അനാഥരും മേവാത്ത് ക്യാംപുകളിലുണ്ട്. മ്യാന്‍മറില്‍ വന്‍ സമ്പത്തിന് ഉടമകളായിരുന്നു മേവാത്തിലെ ഭൂരിഭാഗം അഭയാര്‍ഥികളും. കഴിഞ്ഞ ശൈത്യകാലത്ത് നിരവധി കുഞ്ഞുങ്ങള്‍ ഇവിടെ മരിച്ചു.മേവാത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ അഭയാര്‍ഥികള്‍ പൊതുവെ സുരക്ഷിതരാണ്. എന്നാല്‍, നൂഹു ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കടുത്ത ആശങ്കയിലാണ്.
സംഘപരിവാരത്തിന്റെ ദുഷ്പ്രചാരണങ്ങള്‍ കാരണം അഭയാര്‍ഥികളെ ആരും ജോലിക്ക് വിളിക്കുന്നില്ല. ഉപജീവനത്തിനായി പ്ലാസ്റ്റിക് പെറുക്കുന്നതുപോലും ചിലയിടങ്ങളില്‍ സംഘപരിവാരം തടയുന്നു. നൂഹു ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ തൊഴിലിടങ്ങളില്‍ നിന്ന് അഭയാര്‍ഥി യുവാക്കളെ ആര്‍എസ്എസുകാര്‍ ബലമായി പുറത്താക്കിയ സംഭവങ്ങളുമുണ്ട്.യുവതികളായ വിധവകളും കല്യാണപ്രായമായ പെണ്‍കുട്ടികളുമൊക്കെ അന്യപുരുഷ ന്‍മാര്‍ക്കൊപ്പം മതിയായ മറകളില്ലാതെ ഇടപഴകി ജീവിക്കേണ്ടിവരുന്നത് മേവാത്തിലെ അഭയാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ചില മുസ്‌ലിം സന്നദ്ധപ്രവര്‍ത്തകള്‍ ഇടപെട്ടിട്ടും വിധവകളുടെയും യുവതികളുടെയും സുരക്ഷിത പുനരധിവാസത്തിന് സ്ഥലം ലഭിക്കാത്തത് തടസ്സമായി നില്‍ക്കുന്നു.
[caption id="attachment_301045" data-align="aligncenter" data-width="560"]