ലോകകപ്പില്‍ വമ്പന്‍ അട്ടിമറി; ചാംപ്യന്‍മാരെ അട്ടിമറിച്ചത് അഫ്ഗാന്‍ പട

Update: 2023-10-15 18:00 GMT

ഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറി കുറിച്ച് അഫ്ഗാനിസ്താന്‍. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്താന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേയാണ് അട്ടിമറി ജയം നേടിയത്. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി കനത്ത തിരിച്ചടിയായി.

അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്. അര്‍ധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് ലക്ഷ്യത്തിലേക്ക് പൊരുതി നോക്കിയത്. പക്ഷേ താരത്തിന് പിന്തുണ നല്‍കാന്‍ മറ്റ് ഇംഗ്ലീഷ് താരങ്ങള്‍ക്കായില്ല. 61 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 66 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ ജോണ്‍ ബെയര്‍സ്റ്റോ (2) പുറത്ത്. പിന്നാലെ നിലയുറപ്പിച്ച് കളിക്കുന്ന ജോ റൂട്ടിനെ മടക്കി മുജീബുര്‍ റഹ്‌മാന്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 17 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു റൂട്ടിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ഡേവിഡ് മലാന്റെ ഊഴമായിരുന്നു അടുത്തത്. 39 പന്തില്‍ നിന്ന് 32 റണ്‍സുമായി മുന്നേറുകയായിരുന്ന മലാനെ മുഹമ്മദ് നബി, ഇബ്രാഹിം സദ്രാന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും (9) ചെറിയ സ്‌കോറില്‍ പുറത്തായതോടെ ഇംഗ്ലണ്ട് വിയര്‍ത്തു.ഹാരി ബ്രൂക്ക് ക്രീസിലുള്ളതായിരുന്നു അപ്പോഴും ഏക ആശ്വാസം. പക്ഷേ ബ്രൂക്കിന് പിന്തുണ നല്‍കാന്‍ അനുവദിക്കാതെ ലിയാം ലിവിങ്സ്റ്റണെയും (10), സാം കറനെയും (10), ക്രിസ് വോക്സിനെയും (9) അഫ്ഗാന്‍ ബൗളര്‍മാര്‍ മടക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് പരാജയം ഉറപ്പിച്ചിരുന്നു. പിന്നാലെ 35-ാം ഓവറിലെ രണ്ടാം പന്തില്‍ ബ്രൂക്കിനെ ഇക്രാമിന്റെ കൈകളിലെത്തിച്ച മുജീബുര്‍ റഹ്‌മാന്‍ അഫ്ഗാന്‍ ജയം ഊട്ടിയുറപ്പിച്ചു.തുടര്‍ന്ന് ആദില്‍ റഷീദും (20), മാര്‍ക്ക് വുഡും (18) പിടിച്ചുനിന്നെങ്കിലും അത് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറയ്ക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും അഫ്ഗാനായി തിളങ്ങി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ഒരു പന്ത് പന്ത് ബാക്കിനില്‍ക്കേ 284 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോകകപ്പില്‍ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2019 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 288 റണ്‍സാണ് ഒന്നാമത്.

തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. ഓപ്പണിങ് വിക്കറ്റില്‍ ഗുര്‍ബാസ് തകര്‍ത്തടിക്കുകയും ഇബ്രാഹിം സദ്രാന്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ 114 റണ്‍സാണ് അഫ്ഗാന്‍ സ്‌കോറിലെത്തിയത്. പിന്നാലെ 48 പന്തില്‍ 28 റണ്‍സെടുത്ത സദ്രാനെ മടക്കി ആദില്‍ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിറകെ റഹ്‌മത്ത് ഷായും (3) റഷീദിന് മുന്നില്‍ വീണു. തുടര്‍ന്ന് 57 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 80 റണ്‍സെടുത്ത ഗുര്‍ബാസ് റണ്ണൗട്ടാകുക കൂടി ചെയ്തതോടെ അഫ്ഗാന്റെ തകര്‍ച്ച തുടങ്ങി. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (14), അസ്മത്തുള്ള ഒമര്‍സായ് (19) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പിന്നാലെ മുഹമ്മദ് നബിയും (9) പുറത്തായതോടെ അഫ്ഗാന്‍ നിര തീര്‍ത്തും പ്രതിസന്ധിയിലായി.

പിന്നീടായിരുന്നു ഇക്രാം അലിഖിലിന്റെ രക്ഷാപ്രവര്‍ത്തനം. 66 പന്തില്‍ നിന്ന് 58 റണ്‍സുമായി ഇക്രാം മികവ് കാണിച്ചതോടെ അഫ്ഗാന്‍ സ്‌കോര്‍ 250 കടന്നു. രണ്ട് സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു ഇക്രാമിന്റെ ഇന്നിങ്‌സ്. റാഷിദ് ഖാനും (23), മുജീബ് ഉല്‍ റഹ്‌മാനും (28) ഇക്രാമിന് ഉറച്ച പിന്തുണ നല്‍കിയതോടെയാണ് സ്‌കോര്‍ 284-ല്‍ എത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.







Tags:    

Similar News