ഇന്ത്യയ്ക്കു തിരിച്ചടി; ശുഭ്മന്‍ ഗില്ലിനു ഡെങ്കിപ്പനി; ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കില്ല
മുംബൈ: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വന്‍ തിരിച്ചടി. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ കളിക്കാന്‍ സാധ്യതയില്ല. ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ഇഷാന്‍ കിഷന്‍ ഇറങ്ങാനാണു സാധ്യത. മികച്ച ഫോമിലുള്ള ഗില്‍, വ്യാഴാഴ്ച ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു.
പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗില്‍ ചികിത്സയിലാണ്. താരത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തും. ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം ആദ്യം ന്യൂസീലന്‍ഡിനെതിരെ ഡബിള്‍ സെഞ്ചറി നേടിയിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ചതോടെ താരം ടീമില്‍ ഇടം ഉറപ്പിച്ചു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ 890 റണ്‍സുമായി റണ്‍വേട്ടയില്‍ താരം മുന്നിലെത്തിയിരുന്നു.
302 റണ്‍സുമായി ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപ്പിലും തിളങ്ങി. 104, 74, 27, 121, 19, 58, 67 എന്നിങ്ങനെയാണു താരത്തിന്റെ അവസാന ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍. ഇഷാന്‍ കിഷന്‍ ഇറങ്ങിയില്ലെങ്കില്‍, കെ.എല്‍. രാഹുലിനെ ഓപ്പണിങ്ങില്‍ ഇറക്കുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്. ജസ്പ്രീത് ബുമ്ര, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരുക്ക് ഭേദമായ ശേഷമാണ് ലോകകപ്പിനായി ടീമില്‍ ചേര്‍ന്നത്. ഏഷ്യാകപ്പിനിടെ അക്ഷര്‍ പട്ടേലിനു പരുക്കേറ്റതോടെ, വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.