ലോകകപ്പ്; ഓസിസിന് ജയിക്കണം; ഒരു ജയത്തിനായി ബംഗ്ലാദേശ്
ദുബയില്‍ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനയച്ചു.
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ നിര്‍ണ്ണായക ജയം പ്രതീക്ഷിച്ച് ഓസിസ്. ഗ്രൂപ്പ് ഒന്നില്‍ നടക്കുന്ന മല്‍സരത്തില്‍ ബംഗ്ലാദേശാണ് ഓസ്‌ട്രേലിയയുടെ എതിരാളി. ഗ്രൂപ്പില്‍ ഓസ്‌ട്രേലിയക്ക് രണ്ട് ജയമാണുള്ളത്. ഒരു ജയമില്ലാത്ത ബംഗ്ലാദേശാവട്ടെ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു. ലോകകപ്പിന് മുമ്പ് ഓസിസിനെതിരേ നടന്ന ട്വന്റി-20 പരമ്പര ബംഗ്ലാദേശ് നേടിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ടീം ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. ദുബായില്‍ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനയച്ചു. ഇന്ന് ഓസ്‌ട്രേലിയ തോറ്റാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷയ്ക്ക് മുതല്‍കൂട്ടാവും. നാല് ജയവുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നത്.
ഇതേ ഗ്രൂപ്പില്‍ നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ രാത്രി 7.30ന് വെസ്റ്റ്ഇന്‍ഡീസ് ശ്രീലങ്കയെ നേരിടും. ഓരോ ജയം മാത്രമുള്ള ഇരുടീമിന്റെയും സെമി പ്രതീക്ഷ അവസാനിച്ചതാണ്.