മെല്‍ബണില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം; അരങ്ങേറ്റം ഗംഭീരമാക്കി സിറാജ്
48 റണ്‍സെടുത്ത ലബുഷനെയെ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് ഗംഭീര തുടക്കം. ടോസ് ലഭിച്ച് ബാറ്റിങ് ആരംഭിച്ച ഓസിസിനെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 195 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, മൂന്ന് വിക്കറ്റ് നേടിയ അശ്വിന്‍, രണ്ട് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ഓസിസ് ബാറ്റിങിന്റെ നടുവൊടിച്ചത്. ജോ ബേണ്‍സ് (0), സ്മിത്ത് (0) എന്നിവര്‍ അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. ലബുഷനെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 48 റണ്‍സെടുത്ത ലബുഷനെയെ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. 12 റണ്‍സെടുത്ത കാമറണ്‍ ഗ്രീനിന്റെയും വിക്കറ്റ് സിറാജിനാണ്. മാത്യൂ വെയ്ഡ് (30) പുറത്തായത് അശ്വിന്റെ പന്തിലാണ്. ട്രാവിസ് ഹെഡിന്റെ വിക്കറ്റ് (38) ബുംറയ്ക്കാണ്. സ്റ്റാര്‍ക്കും (7), ലിയോണും (20) ബുംറയുടെ പന്തില്‍ പുറത്തായപ്പോള്‍ ടിം പെയിന്റെ (13) വിക്കറ്റ് അശ്വിന്‍ നേടി. കമ്മിന്‍സിനെ (9) പുറത്താക്കി ജഡേജ ഇന്ത്യന്‍ പതനം പൂര്‍ത്തിയാക്കി. ഇന്ന് കളി നിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (28), പൂജാര (7) എന്നിവരാണ് ക്രീസിലൂള്ളത്.