വിരമിക്കല്‍ പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബുല്‍ ഹസന്‍
കാണ്‍പുര്‍: ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബുല്‍ ഹസന്‍ ട്വന്റി-20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായിരുന്ന ഷാക്കിബ് ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് ആഗ്രഹമെന്ന് ഷാക്കിബ് വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം സുരക്ഷാകാരണങ്ങളാല്‍ മിര്‍പുരിലെ മത്സരം നടന്നില്ലെങ്കില്‍ വെള്ളിയാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും താരം പ്രഖ്യാപിച്ചു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പോടെ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചുവെന്നും ഷാക്കിബ് വ്യക്തമാക്കി. അടുത്തവര്‍ഷം പാകിസ്താനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനവും മതിയാക്കുമെന്നും താരം പറഞ്ഞു.
2007 മുതല്‍ എല്ലാ ട്വന്റി-20 ലോകകപ്പിലും ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിരുന്നു. 129 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 2551 റണ്‍സും 149 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 70 ടെസ്റ്റുകളില്‍ നിന്നായി 38.33 ശരാശരിയില്‍ 4600 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ 242 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2007 മേയില്‍ ഇന്ത്യയ്ക്കെതിരേ തന്നെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ഷാക്കിബ്. ടെസ്റ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് ബൗളറും ഷാക്കിബാണ്.