ഫിഞ്ചിന് സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരേ ഓസിസിന് 87 റണ്‍സ് ജയം
ആരോണ്‍ ഫിഞ്ചി(153)ന്റെ സെഞ്ച്വറിയാണ് കംഗാരുക്കളെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് ഓസിസ് 334 റണ്‍സ് നേടിയത്
ഓവല്‍: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ആസ്‌ത്രേലിയക്ക് 87 റണ്‍സ് ജയം. ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഓസിസ് ഉയര്‍ത്തിയ 334 റണ്‍സ് പിന്തുടര്‍ന്ന് ശ്രീലങ്ക 247 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നാലു വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് മികവാണ് 45.5 ഓവറില്‍ ലങ്കയുടെ പതനം ഉറപ്പാക്കിയത്. 97 റണ്‍സെടുത്ത കരുണരത്‌നെയും 52 റണ്‍സെടുത്ത് കുശാല്‍ പെരേരയും ലങ്കയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചു. എന്നാല്‍ ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നതോടെ ലങ്കന്‍ പതനം തുടരുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് 115 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്നുവന്ന കുശാല്‍ മെന്‍ഡിസ്(30) ഒഴികെയുള്ളവര്‍ പൊരുതാതെ പുറത്താവുകയായിരുന്നു. ഓസിസിനായി റിച്ചാര്‍ഡ്‌സണ്‍ മൂന്നും കുമിന്‍സ് രണ്ടും വിക്കറ്റ് നേടി. നേരത്തേ ടോസ് നേടിയ ശ്രീലങ്ക ആസ്‌ത്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചി(153)ന്റെ സെഞ്ച്വറിയാണ് കംഗാരുക്കളെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് ഓസിസ് 334 റണ്‍സ് നേടിയത്. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്. സ്മിത്ത്(73), മാക്‌സ് വെല്‍(46) എന്നിവരും ഫിഞ്ചിന് മികച്ച പിന്തുണ നല്‍കി. ലങ്കയ്ക്കായി ഉഡാന, ധനന്‍ജയ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. ഓസിസിന്റെ ലോകകപ്പിലെ നാലാം ജയമാണിത്.