ക്രുനാലിന് പിറകെ ചാഹലിനും കൃഷ്ണപ്പാ ഗൗതമിനും കൊവിഡ്
രോഗം സ്ഥിരീകരിച്ചവര്‍ കൊളംബോയില്‍ തുടരും.
കൊളംബോ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡെയ്ക്ക് പിറകെ യുസ്‌വേന്ദ്ര ചാഹലിനും കൃഷ്ണപ്പാ ഗൗതമിനും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് ക്രുനാല്‍ പാണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താരവുമായി അടുത്തിടപഴകിയ എട്ട് പേരില്‍ ചാഹലും ഗൗതമും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ നേരത്തെ ഐസുലേഷനില്‍ പ്രവേശിച്ചിരുന്നു. ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിലുള്ള മൂന്ന് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പരമ്പര അവസാനിച്ചത്. ട്വന്റി പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചവര്‍ കൊളംബോയില്‍ തുടരും. 10 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവ് ഫലം വന്നതിന് ശേഷമായിരിക്കും ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുക. ബാക്കിയുള്ള താരങ്ങള്‍ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. പൃഥ്വി ഷാ, ഹാര്‍ദ്ദിക് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചാഹര്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ക്രുനാലിമായി ഇടപഴകിയ മറ്റ് താരങ്ങള്‍. ഇവരുടെ ഫലം നെഗറ്റീവാണ്. ഇവരും ഇന്ന് കൊളംബോ വിടും.