ലോകകപ്പ്; ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക പുറത്ത്; ഓസിസ് സെമിയില്‍
അവസാന ഓവറിലെ കഗിസോ റബാദെയുടെ ഹാട്രിക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്.
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയില്‍ കടന്നു. നേരത്തെ സെമിയില്‍ കടന്ന ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചിട്ടും നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഓസിസ് സെമിയില്‍ കയറുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനെ ഓസിസ് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയേക്കാള്‍ റണ്‍റേറ്റിന്റെ മുന്‍തൂക്കം ഓസിസിന് ലഭിക്കുകയായിരുന്നു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അപരാജിതരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് പ്രോട്ടീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് തലഉയര്‍ത്തി പടിയിറങ്ങുന്നത്.
190 എന്ന ലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെ നേടാന്‍ കഴിഞ്ഞുള്ളൂ. മോയിന്‍ അലി (37), മാലാന്‍ (33), ലിവിങ്‌സ്റ്റണ്‍ (28) എന്നിവര്‍ ഇംഗ്ലിഷ് പടയ്ക്കായി പൊരുതിയെങ്കിലും അവസാന ഓവറില്‍ ജയം കൈവിടുകയായിരുന്നു. അവസാന ഓവറിലെ കഗിസോ റബാദെയുടെ ഹാട്രിക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. തബ്രൈസ് ഷംസി, പ്രിടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
ടോസ് ലഭിച്ച ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയിരുന്നു. 60 പന്തില്‍ 94 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡസ്സന്‍, 25 പന്തില്‍ 52 റണ്‍സ് നേടിയ മാര്‍ക്രം എന്നിവര്‍ ചേര്‍ന്ന് പ്രോട്ടീസിന് കൂറ്റന്‍ സ്‌കോറാണ് സമ്മാനിച്ചത്. ഡീ കോക്ക് 34 റണ്‍സും നേടി.