അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശ് വെല്ലുവിളി മറികടന്ന് ടീം ഇന്ത്യ. ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയ്ക്കരികെ എത്തിയത്. മഴകാരണം ഡിഎല്‍എസ് മെത്തേഡിലൂടെ ലക്ഷ്യം വെട്ടിചുരുക്കിയിരുന്നു.185 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം. എന്നാല്‍ മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ലക്ഷ്യം 16 ഓവറില്‍ 151 ആക്കി കുറച്ചിരുന്നു.16 ഓവറില്‍ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സേ നേടാനായുള്ളൂ.
ഹാര്‍ദ്ദിക്ക്, അര്‍ഷദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി ഇന്ത്യയെ ജയത്തിലേക്ക് കൊണ്ടുവരികയായിരുന്നു. 16ാം ഓവറിലും ബംഗ്ലാദേശിന് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. 14 പന്തില്‍ 25 റണ്‍സെടുത്ത് നൂറുല്‍ ഹസ്സന്‍ ടീമിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അര്‍ഷദീപിന്റെ അവസാന ഓവറിലെ അവസാന പന്ത് ടീമിന് ജയമൊരുക്കുകയായിരുന്നു. 21 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച് 27 പന്തില്‍ 60 റണ്‍സെടുത്ത് മാരക ബാറ്റിങ് കാഴ്ചവച്ച ലിറ്റണ്‍ ദാസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ ദാസിനെ റണ്ണൗട്ടാക്കിയത് ഇന്ത്യന്‍ ജയത്തിലെ നിര്‍ണ്ണായക വഴിതിരിവായിരുന്നു.
നേരത്തെ രാഹുല്‍ 32 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. മല്‍സരത്തില്‍ കോഹ്‌ലി ഇന്നും സൂപ്പര്‍ ഫോം തുടര്‍ന്നു. 44 പന്തില്‍ താരം 64 റണ്‍സ് നേടി. എന്നാല്‍ രോഹിത്ത് ശര്‍മ്മ ഇന്ന് വീണ്ടും ഫ്‌ളോപ്പായി. താരം രണ്ട് റണ്‍സെടുത്ത് പുറത്തായി.16 പന്തില്‍ 30 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും ഇന്ന് തിളങ്ങി. ഹാര്‍ദ്ദിക്ക് പാണ്ഡെയും (5), ദിനേശ് കാര്‍ത്തിക്കും (7) പെട്ടെന്ന് പുറത്തായി. ബംഗ്ലാദേശിനായി ഷാഖിബ് രണ്ടും മഹ്‌മൂദ് മൂന്നും വിക്കറ്റ് നേടി. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 184 റണ്‍സെടുത്തത്.