കാന്‍ബെറ ഏകദിനം; ഒടുവില്‍ ഇന്ത്യയ്ക്ക് ജയം; ഠാക്കൂറും നടരാജനും തിളങ്ങി
ഠാക്കൂറിന്റെ മൂന്ന് വിക്കറ്റ് നേട്ടവും നടരാജന്റെ രണ്ട് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 13 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ശ്രാദുല്‍ ഠാക്കൂറിന്റെ മൂന്ന് വിക്കറ്റ് നേട്ടവും അരങ്ങേറ്റതാരമായ നടരാജന്റെ രണ്ട് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഒരു വേള ഓസിസ് വിജയം പിടിച്ചെടുക്കുമെന്ന് കരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികവ് അവര്‍ക്ക് തുണയാവുകയായിരുന്നു. 303 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസിസിനെ 289 റണ്‍സിന് ഇന്ത്യ പുറത്താക്കി. രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ആരോണ്‍ ഫിഞ്ച് ( 75 ), മാക്‌സ്‌വെല്‍ (59 ) എന്നിവര്‍ ഓസിസിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ജസ്പ്രീത് ബുംറയും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ലബ്യൂഷെയ്‌ന്റെ വിക്കറ്റാണ് നടരാജന്‍ ഇന്ന് ആദ്യം നേടിയത്.
ടോസ് ലഭിച്ച ഇന്ത്യ നേരത്തെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡെ (92), രവീന്ദ്ര ജഡേജ (66) സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. തുടക്കത്തില്‍ ശിഖര്‍ ധവാന്‍ന്റെയും (16), ശുഭ്മാന്‍ ഗില്ലിന്റെയും (33) വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടെങ്കിലും പിന്നീട് വന്ന കോഹ്‌ലി (63) ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍(19), രാഹുല്‍ (5) എന്നിവര്‍ക്ക് വേണ്ടത്ര ഫോം കണ്ടെത്താനായില്ല. തുടര്‍ന്നാണ് പാണ്ഡെ-ജഡേജ സഖ്യത്തിന്റെ വെടിക്കെട്ട് തുടങ്ങിയത് ഇരുവരും ചേര്‍ന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും പുറത്താവാതെ നിന്നു. 76 പന്തില്‍ നിന്നാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. 50 പന്തില്‍ നിന്നാണ് ജഡേജ 66 റണ്‍സ് നേടിയത്. മൂന്ന് സിക്‌സും ഉള്‍പ്പെട്ടതാണ് ജഡേജയുടെ ഇന്നിങ്‌സ്.
നേരത്തെ രണ്ട് മല്‍സരങ്ങള്‍ ജയിച്ച് ഓസിസ് പരമ്പര സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ അഞ്ച് ഏകദിനങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിനവിജയമാണിത്. ന്യൂസിലന്റ് പര്യടനത്തിലും ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ തോറ്റിരുന്നു.