ഇന്ത്യ -ബംഗ്ലാദേശ് ട്വന്റി-20ക്ക് ഹിന്ദുത്വസംഘടനകളുടെ ഭീഷണി; ഗ്വാളിയോറില്‍ നിരോധനാജ്ഞ

14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു രാജ്യാന്തര മത്സരം സംഘടിപ്പിക്കുന്നത്.

Update: 2024-10-04 08:15 GMT

ഗ്വാളിയോര്‍: ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യാ -ബംഗ്ലാദേശ് ട്വന്റി-20 മല്‍സരത്തിന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി. ഇതേ തുടര്‍ന്ന് ഗ്വാളിയോറില്‍ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരദിവസം ഹിന്ദു മഹാസഭ ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ.14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു രാജ്യാന്തര മത്സരം സംഘടിപ്പിക്കുന്നത്. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1600 പോലിസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

മേഖലയില്‍ കൂട്ടംകൂടുന്നതിനും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടാന്‍ പാടില്ല. സമൂഹമാധ്യമങ്ങളില്‍ ശക്തമായ നിരീക്ഷണമുണ്ടാകുമെന്നും പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാം മത്സരം ഈ മാസം ഒമ്പതിനും മൂന്നാം മത്സരം 12നും നടക്കും.




Tags:    

Similar News