ചെന്നൈ: ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ ആറു വിക്കറ്റിനു തകര്‍ത്തത്. ഒരു ഘട്ടത്തില്‍ വന്‍ പരാജയം മുന്നില്‍ കണ്ട ശേഷമായിരുന്നു പ്രതിസന്ധിയില്‍ നിന്നും കരകയറി ടീം വിജയം വരുതിയിലാക്കിയത്.
ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഈ കളിയിലെ പ്രകടനം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുവെങ്കിലും ബാറ്റിങിലെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നില്ല. 200 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു കളിയില്‍ ഇന്ത്യക്കു ചേസ് ചെയ്യേണ്ടി വന്നത്. രണ്ടാം ഓവറില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു രണ്ടു റണ്‍സിലേക്കു കൂപ്പുകുത്തിയപ്പോള്‍ ഒരു വലിയ പരാജയം ആരാധകര്‍ ഭയന്നിരുന്നു.
എന്നാല്‍ വിരാട് കോഹ്‌ലിയും കെഎല്‍ രാഹലും ചേര്‍ന്ന് 165 റണ്‍സിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിന്റെ രക്ഷകരായി മാറുകയായിരുന്നു. 41.2 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയും ചെയ്തു. 97 റണ്‍സുമായി പുറത്താവാതെ നിന്ന രാഹുലാണ് ഇന്ത്യയുടെ ഹീറോ. 115 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറുകളും രണ്ടു സിക്സറുമടിച്ചു.
കോഹ്‌ലി 85 റണ്‍സിനു പുറത്താവുകയായിരുന്നു. 116 ബോളില്‍ ആറു ഫോറുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. രാഹുലും ഹാര്‍ദിക് പാണ്ഡ്യയും (11) ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡെക്കായി പുറത്താവുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരേ ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ സന്ദര്‍ശകരെ 199 റണ്‍സിലൊതുക്കി. ടോസ് ലഭിച്ച ഓസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.3 ഓവറില്‍ അവര്‍ക്ക് 199 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഡേവിഡ് വാര്‍ണറും (41) സ്മിത്തും മാത്രമാണ് (46) പിടിച്ചു നിന്നത്. ലബുഷെങ്കെ 27 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ മൂന്നും ബുംറ, ക്രുനാല്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് കംഗാരുക്കളെ പിടിച്ചുകെട്ടിയത്.
തുടക്കം തന്നെ മാര്‍ഷിനെ ബുംറ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് വാര്‍ണറും സ്മിത്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് ഈ കൂട്ടുകെട്ട് പൊട്ടിച്ചത് ക്രൂനാല്‍ യാദവായിരുന്നു. നിലയുറപ്പിച്ച സ്മിത്തിനെ ജഡേജയും പിടിച്ചൊതുക്കി. നിലയുറപ്പിക്കാന്‍ ശ്രമിച്ച ലബുഷെങ്കെയെ ജഡേജയും പുറത്താക്കി. പിന്നീട് കാര്യമായ ചെറുത്തുനില്‍പ്പുകള്‍ ഓസിസിന് നടത്താനായില്ല.15 റണ്‍സെടുത്ത മാക്സ് വെല്ലിനെ ക്രുനാല്‍ യാദവും റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് കാരെയെ ജഡേജയും പവലിയനിലേക്കയച്ചു. ഗ്രീനിനെ (8) ആര്‍ അശ്വിനും കമ്മിന്‍സനെ (15) ബുംറയും പുറത്താക്കി. 28 റണ്‍സെടുത്ത് സ്റ്റാര്‍ക്ക് പൊരുതാന്‍ നോക്കിയെങ്കിലും സിറാജ് ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി പുറത്താക്കുകയായിരുന്നു. സാംബയുടെ (6) വിക്കറ്റ് ഹാര്‍ദ്ദിക്ക് പാണ്ഡെ നേടി.