സഞ്ജു ലോകകപ്പിനില്ല; 15 അംഗ ടീം റെഡി; കെ എല്‍ രാഹുല്‍ തിരിച്ചെത്തി

14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.

Update: 2023-09-05 11:09 GMT
കൊളംബോ: ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുട 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 15 അംഗ ലോകകപ്പ് ടീമിലില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ന് പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

സൂര്യകുമാര്‍ യാദവിന് പകരം തിലക് വര്‍മയെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സൂര്യയുടെ പവര്‍ ഹിറ്റിംഗില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് നാലാം പേസറായി പ്രസിദ്ധ് കൃഷ്ണക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറിനെ ടീമിലെടുത്തതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.മൂന്ന് ഓള്‍ റൗണ്ടര്‍മാരും നാലു പേസര്‍മാരും ഏഴ് ബാറ്റര്‍മാരും അടങ്ങുന്ന ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.

ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.






Tags:    

Similar News