ലോകകപ്പ് എല്‍ ക്ലാസ്സിക്കോ ഇന്ത്യയ്ക്ക് സ്വന്തം; പാകിസ്താന്‍ തരിപ്പണം

Update: 2023-10-14 14:45 GMT

അഹമ്മദാബാദ്: ലോകകപ്പിലെ ചിരവൈരികളുടെ മല്‍സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ജയം.  തികച്ചും ഏകപക്ഷീയമായ പോരില്‍  പാകിസ്താനെ ഇന്ത്യ 30.3 ഓവറിലാണ് ഓവറിലാണ് തകര്‍ത്തത്. ഇതോടെ പാകിസ്താനെതിരേ ലോകകപ്പിലെ അപരാജിത റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിച്ചു. എട്ടാം തവണയാണ് ലോകകപ്പില്‍ പാകിസ്താനെ ഇന്ത്യ തകര്‍ക്കുന്നത്.

192 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ബാബറും സംഘവും ഇന്ത്യക്കു മുന്നില്‍ വച്ചത്. തുടരെ രണ്ടാമത്തെ കളിയിലും ക്യാപ്റ്റന്റെ ഇന്നിങ്സുമായി രോഹിത് മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഇന്ത്യക്കു ലക്ഷ്യത്തിലെത്താന്‍ വെറും 30.3 ഓവറുകള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. 86 റണ്‍സുമായി രോഹിത് ടീമിന്റെ അമരക്കാരനായി മാറി.

63 ബോളില്‍ ആറു വീതം ഫോറും സിക്സറും ഹിറ്റ്മാന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 53 റണ്‍സെടുത്ത ശ്രേയസ് അയ്യരും 19 റണ്‍സെടുത്ത കെഎല്‍ രാഹുലും ചേര്‍ന്നു ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലും വിരാട് കോലിയും 16 റണ്‍സ് വീതമെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാകിസ്താന്‍ 42.5 ഓവറില്‍ 191 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ ടോട്ടല്‍ പാകിസ്താന്‍ പടുത്തുയര്‍ത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ പാകിസ്താന്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. വെറും 36 റണ്‍സിനിടെ എട്ടു വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമാത്.

രണ്ടു വിക്കറ്റിനു 155ല്‍ നിന്നാണ് പാകിസ്താന്‍ 191ലേക്കു കൂപ്പുകുത്തിയത്. രോഹിത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയായിരുന്നു കളിയില്‍ കണ്ടത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അദ്ദേഹം മികച്ചുനിന്നു. അഗ്രസീവ് ക്യാപ്റ്റന്‍സി പുറത്തെടുത്ത രോഹിത് ഒരിക്കലും പാകിസ്താനെ കളിയില്‍ മുന്നില്‍ കടക്കാന്‍ അനുവദിച്ചില്ല.

ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു (50) പാകിസ്താന്റെ ടോപ്സ്‌കോറര്‍. 58 ബോളില്‍ ഏഴു ഫോറുകളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. ഇന്ത്യക്കെതിരേ ബാബറിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും 36 റണ്‍സെടുത്ത ഇമാമുള്‍ ഹഖുമാാണ് പാകിസ്താന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അബ്ദുള്ള ഷഫീഖ് (20), ഹസന്‍ അലി (12) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അസുഖം ഭേദമായ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയപ്പോള്‍ ഇഷാന്‍ കിഷനു സ്ഥാനം നഷ്ടമായി.




Tags:    

Similar News