മഴ; ഇന്ത്യ-പാക് മല്‍സരം തടസ്സപ്പെട്ടു, ഇന്ത്യ 46.4 ഓവറില്‍ 305/4

ക്യാപ്റ്റന്‍ വിരാട് കോലി 71 റണ്‍സും വിജയ് ശങ്കര്‍ മൂന്നു റണ്‍സുമെടുത്ത് ക്രീസിലുണ്ട്

Update: 2019-06-16 13:25 GMT

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകകപ്പിലെ ആവേശകരമായ ഇന്ത്യ-പാകിസ്താന്‍ മല്‍സരം മഴ കാരണം തടസ്സപ്പെട്ടു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ കാരണം തടസ്സപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി 71 റണ്‍സും വിജയ് ശങ്കര്‍ മൂന്നു റണ്‍സുമെടുത്ത് ക്രീസിലുണ്ട്. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നതിനിടെയാണ് മഴ വില്ലനായത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്. തുടക്കത്തില്‍ ശ്രദ്ധിച്ച് ഇന്നിങ്‌സ് തുടങ്ങിയ രോഹിത് ശര്‍മ 113 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പെടെ 140 റണ്‍സെടുത്താണ് പുറത്തായത്. ലോകകപ്പിലെ ഇന്ത്യ-പാക്കിസ്താന്‍ മല്‍സരങ്ങളില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. രോഹിത്തിന്റെ 24ാം ഏകദിന സെഞ്ചുറിയാണിത്. പരിക്കേറ്റ ശിഖര്‍ ധവാനു പകരം ഓപണിങ് വിക്കറ്റിലെത്തിയ ലോകേഷ് രാഹുല്‍(78 പന്തില്‍ 57), ഹാര്‍ദിക് പാണ്ഡ്യ(19 പന്തില്‍ 26), മഹേന്ദ്രസിങ് ധോണി(രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്. ഒന്നാം വിക്കറ്റില്‍ രോഹിത്-രാഹുല്‍ സഖ്യം 136 റണ്‍സും രണ്ടാം വിക്കറ്റില്‍ രോഹിത്-കോഹ്‌ലി സഖ്യം 98 റണ്‍സും നേടി. പാക്കിസ്താനു വേണ്ടി മുഹമ്മദ് ആമിര്‍ രണ്ടും വഹാബ് റിയാസ്, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. നേരത്തെയും മഴ കാരണം ലോകകപ്പിലെ ചില മല്‍സരങ്ങള്‍ തടസ്സപ്പെട്ടിരുന്നു. ഒരു പന്ത് പോലും എറിയാതെ രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.


Tags:    

Similar News