സെമി പ്രതീക്ഷയ്ക്ക് ജീവന്‍; അഫ്ഗാനെതിരേ വമ്പന്‍ ജയവുമായി ഇന്ത്യ
ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ , ആര്‍ അശ്വിന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
അബുദാബി: ഒടുവില്‍ ഇന്ത്യ ഫോമിലേക്കുയര്‍ന്നു. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് സെമി പ്രതീക്ഷക്ക് ജീവന്‍ വച്ചു. നിര്‍ണ്ണായക മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ 66 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ബാറ്റിങിലും ബൗളിങിലും നിറഞ്ഞ് നിന്നാണ് ഇന്ത്യ കൂറ്റന്‍ ജയം നേടിയത്. പാകിസ്താനും ന്യുസിലന്റിനും എതിരായ തോല്‍വിക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യയായിരുന്നു ഇന്ന് അബുദാബിയില്‍ കളിച്ചത്.
211 എന്ന കൂറ്റന്‍ റണ്‍സ് ലക്ഷ്യവുമായിറങ്ങിയ അഫ്ഗാനെ 144 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുമായി ആര്‍ അശ്വിനും തിളങ്ങി. ബുംറ, ജഡേജ എന്നിവരും ഓരോ വിക്കറ്റ് നേടി.ജനത്ത് (42), നബി (35) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. തുടക്കം മുതലെ ഇന്ത്യ ആക്രമണ ബൗളിങ് കാഴ്ചവച്ചിരുന്നു. 69 റണ്‍സ് എടുക്കുന്നതിനിടെ അഫ്ഗാന്റെ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയിരുന്നു.
ട്വന്റി-20 ലോകകപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ അഫ്ഗാനിസ്താന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. രോഹിത്ത് ശര്‍മ്മയും (74), കെ എല്‍ രാഹുലുമാണ് (69)ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സുമടങ്ങിയതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്‌സ്. ഋഷഭ് പന്ത് (27*), ഹാര്‍ദ്ദിക്ക് പാണ്ഡെ (35) എന്നിവര്‍ പുറത്താവാതെ നിന്നു. 13 പന്തിലാണ് ഇരുവരുടെയും വെടിക്കെട്ട്. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.