ലോകകപ്പ്; കോഹ്‌ലി-ശാസ്ത്രി യുഗത്തിന് വിജയത്തോടെ പര്യവസാനം
കപ്പ് ഫേവററ്റുകള്‍ എന്ന് മുദ്രകുത്തി വന്ന ഇന്ത്യ ആദ്യ രണ്ട് മല്‍സരങ്ങളിലും പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.
ദുബയ്: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യന്‍ പ്രയാണത്തിന് അവസാനം. സൂപ്പര്‍ 12ലെ അവസാനമല്‍സരത്തില്‍ നമീബിയെ തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ വിടവാങ്ങുന്നത്. അവസാന മൂന്ന് മല്‍സരങ്ങളും ജയിച്ചുകൊണ്ടാണ് ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും പടിയിറങ്ങുന്നത്. ഇരുവരും അവരവരുടെ സ്ഥാനങ്ങള്‍ ലോകകപ്പോടെ ഉപേക്ഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പ് ഫേവററ്റുകള്‍ എന്ന് മുദ്രകുത്തി വന്ന ഇന്ത്യ ആദ്യ രണ്ട് മല്‍സരങ്ങളിലും പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങള്‍ ജയിച്ചെങ്കിലും നാല് ജയങ്ങളുള്ള ന്യൂസിലന്റ് റണ്ണേഴ്‌സ് അപ്പായി സെമിയില്‍ കടക്കുകയായിരുന്നു. അഞ്ചില്‍ അഞ്ച് ജയമുള്ള പാകിസ്താനാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍.
ഗ്രൂപ്പ് രണ്ടിലെ അവസാന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 133 എന്ന ലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 56 റണ്‍സുമായി രോഹിത്ത് ശര്‍മ്മയും 54 റണ്‍സുമായി കെ എല്‍ രാഹുലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടോസ് ലഭിച്ച ഇന്ത്യ നമീബിയയെ ബാറ്റിങിനയക്കുകയായിരുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയാണ് നമീബിയയെ തകര്‍ത്തത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് നമീബിയ 132 റണ്‍സെടുത്തത്. 47ന് നാല് എന്ന നിലയില്‍ തകര്‍ന്ന നമീബിയയെ എളുപ്പം പിടിച്ചുകെട്ടാന്‍ ഇന്ത്യക്കായില്ല. ഡേവിഡ് വീസെ (26), സ്റ്റീഫന്‍ ബാര്‍ഡ് (21) എന്നിവരാണ് നമീബിയന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.