ഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍

Update: 2024-11-05 17:47 GMT

മുംബൈ: ഐപിഎല്‍ 2025 മെഗാ താരലേലം നവംബര്‍ 24, 25 ജിദ്ദയില്‍ നടക്കും. 1,574 താരങ്ങള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 320 പേര്‍ ക്യാപ്ഡ് താരങ്ങള്‍ (ദേശീയ ടീമിന് വേണ്ടി സമീപകാലത്ത് കളിച്ചവര്‍) ആണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 409 താരങ്ങളും ലേലത്തില്‍ വരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ദേശീയ ടീമിന് വേണ്ടി സമീപകാലത്ത് കളിച്ചിട്ടില്ലാത്ത 1,224 പേരാണ് ലേലത്തില്‍ വരുന്നത്.

ഐപിഎല്ലിലെ 10 ഫ്രാഞ്ചൈസികളും അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടാത്ത താരങ്ങളാണ് ലേലത്തില്‍ വരിക. ഒരു ടീമിന് പരമാവധി ആറ് താരങ്ങളെയാണ് ഇങ്ങനെ നിലനിര്‍ത്താനാവുക. ഐപിഎല്‍ പ്ലെയര്‍ രജിസ്ട്രേഷന്‍ 2024 നവംബര്‍ നാലിന് അവസാനിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ 1,165 പേരാണ് ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 1224 പേര്‍ അണ്‍ ക്യാപ്ഡ് ആണ്.

ഓരോ ഫ്രാഞ്ചൈസിയിലും പരമാവധി 25 താരങ്ങളെയാണ് ഉള്‍പ്പെടുത്താനാവുക. നിലനിര്‍ത്തല്‍ താരങ്ങള്‍ക്ക് പുറമേയുള്ളവരെയാണ് ലേലത്തിലൂടെ തെരഞ്ഞെടുക്കുന്നത്. ഇപ്രകാരം 2025 ഐപിഎല്ലില്‍ 10 ഫ്രാഞ്ചൈസികളിലുമായി 204 കളിക്കാരെയാണ് ലേലത്തിലൂടെ കണ്ടെത്തുക. ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. 91 പേര്‍. ഓസ്ട്രേലിയയില്‍ നിന്ന് 76 പേരും ഇംഗ്ലണ്ടില്‍ നിന്ന് 52 പേരും ന്യൂസിലന്‍ഡില്‍ നിന്ന് 39 പേരും വെസ്റ്റ്ഇന്‍ഡീസില്‍ നിന്ന് 33 പേരും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 29 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തരില്‍ ഉള്‍പ്പെടുന്നു.





Tags:    

Similar News