ഐ പി എല്‍; ഡല്‍ഹി കുതിക്കുന്നു; രാജസ്ഥാനെയും വീഴ്ത്തി
ജയത്തോടെ 10 പോയിന്റുമായി ഡല്‍ഹി ഒന്നാമതെത്തി.
ഷാര്‍ജ: ഐപിഎല്ലിന്റെ ഈ സീസണില്‍ മികച്ച പ്രകടനവുമായുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 46 റണ്‍സിനാണ് അയ്യരുടെ ടീം തോല്‍പ്പിച്ചത്. ജയത്തോടെ 10 പോയിന്റുമായി ഡല്‍ഹി ഒന്നാമതെത്തി. ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഡല്‍ഹി തോറ്റത്. 185 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ ഡല്‍ഹി 138 റണ്‍സിന് പിടിച്ചുകെട്ടി. രണ്ട് പന്ത് ശേഷിക്കെയാണ് ഡല്‍ഹിയുടെ ജയം.
യശ്വസി ജയ്‌സ്വള്‍ (34) റോയല്‍സിനായി മികച്ച തുടക്കം നല്‍കി. എന്നാല്‍ പിന്നീട് വന്ന ബട്‌ലര്‍ക്കും (13), സ്മിത്തിനും (24) കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍ ഈ മല്‍സരത്തിലും നിരാശനകമായ പ്രകടനം നടത്തി. അഞ്ച് റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ നിന്ന് 38 റണ്‍സ് നേടി രാഹുല്‍ തേവാട്ടിയ പിടിച്ചുനിന്നെങ്കിലും റബാദെയുടെ പന്തില്‍ പുറത്തായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല. ഡല്‍ഹി ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ക്ക് അനായാസ ജയം നല്‍കിയത്. ഡല്‍ഹിക്കായി കഗിസോ റബാദെ മൂന്നും അശ്വിന്‍ രണ്ടും സ്‌റ്റോണിസും രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്നെങ്കിലും സ്‌റ്റോണിസിന്റെയും (39), ഹെറ്റ്‌മെയറുടെയും (45) ചുവട്പിടിച്ചാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പൃഥ്വി ഷാ(19), ശിഖര്‍ ധവാന്‍(22), ഹര്‍ഷല്‍ പട്ടേല്‍ (16), അക്‌സര്‍ പട്ടേല്‍ (17) എന്നിവര്‍ക്കും കാര്യമായ മുന്നേറ്റം നടത്താന്‍ ആയില്ല. രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി.