ഡി കോക്ക് (70); മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം
രോഹിത്ത് 14 ഉം സൂര്യകുമാര്‍ യാദവ് 16 ഉം റണ്‍സെടുത്ത് പുറത്തായി.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. 172 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഐപിഎല്ലിന്റെ ഈ സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ക്വിന്റണ്‍ ഡീകോക്ക് (70*) ആണ് മുംബൈ ജയത്തിന് നെടുംതൂണായത്.50 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. ക്രുനാല്‍ പാണ്ഡെയും (39) ഇന്നത്തെ മല്‍സരത്തില്‍ ഫോം കണ്ടെത്തി. രോഹിത്ത് 14 ഉം സൂര്യകുമാര്‍ യാദവ് 16 ഉം റണ്‍സെടുത്ത് പുറത്തായി.പൊള്ളാര്‍ഡ് എട്ട് പന്തില്‍ 16 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ക്രിസ് മോറിസ് രാജസ്ഥാനായി രണ്ടും മുസ്തഫിസുര്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ജോസ് ബട്‌ലര്‍(41), ജയ്‌സ്വാള്‍ (32), സഞ്ജു സാംസണ്‍ (42), ശിവം ഡുബേ എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.27 പന്തിലാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 171 റണ്‍സ് നേടിയത്. മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചാഹര്‍ രണ്ടും ബോള്‍ട്ട്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.ആറ് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുംബൈ പട്ടികയില്‍ നാലാം സ്ഥാനത്തും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്.