കിവികളെ മെരുക്കി പാകിസ്താന്‍ സെമി പ്രതീക്ഷയില്‍
238 റണ്‍സ് പിന്‍തുടര്‍ന്ന പാകിസ്താന്‍ അഞ്ചുപന്ത് ശേഷിക്കെ നാലുവിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം (241) പിന്തുടര്‍ന്നത്
ഓവല്‍: ന്യൂസിലന്റിന് ലോകകപ്പിലെ ആദ്യ തോല്‍വി നല്‍കി പാകിസ്താന്‍. ആറു വിക്കറ്റ് ജയവുമായി പാകിസ്താന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ജയത്തോടെ ഇംഗ്ലണ്ടിന് താഴെ അഞ്ചാമതായാണ് പാകിസ്താന്‍ എത്തിയിരിക്കുന്നത്. ബാബര്‍ അസമി(107)ന്റെ നിര്‍ണായക സെഞ്ചുറിയാണ് പാക് പടയ്ക്ക് വിജയമൊരുക്കിയത്. 238 റണ്‍സ് പിന്‍തുടര്‍ന്ന പാകിസ്താന്‍ അഞ്ചുപന്ത് ശേഷിക്കെ നാലുവിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം (241) പിന്തുടര്‍ന്നത്. 68 റണ്‍സെടുത്ത ഹാരിസ് സുഹൈല്‍ ബാബറിന് മികച്ച പിന്തുണ നല്‍കി. ഹഫീസ് 32 റണ്‍സെടുത്തു. ആദ്യത്തെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പെട്ടെന്ന് പുറത്തായെങ്കിലും പിന്നീട് വന്ന ബാബര്‍ അസം ഒരു ഭാഗത്ത് വിജയമതിലായി നിലകൊള്ളുകയായിരുന്നു. സെഞ്ചുറി നേട്ടത്തിനിടെ ബാബര്‍ അസം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗതയില്‍ 3000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ബാബര്‍. 68 ഇന്നിങ്‌സുകളിലായാണ് ബാബറിന്റെ നേട്ടം. 57 ഇന്നിങ്‌സുകളിലായി 3000 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാമത് നിലകൊള്ളുന്നത്. ട്രെന്റ് ബോള്‍ട്ട്, ഫെര്‍ഗൂസണ്‍, വില്ല്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ജയത്തോടെ സെമി ഉറപ്പിക്കാനെത്തിയ ന്യൂസിലന്റിനു ടോസ് അനുകൂലമായിരുന്നു. തുടര്‍ന്ന് കിവികള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ പാകിസ്താന്‍ ന്യൂസിലന്റിനെ 237 റണ്‍സിന് പുറത്താക്കുകയായിരുന്നു. ന്യൂസിലന്റിന് ആറു വിക്കറ്റാണ് നഷ്ടമായത്. ടോപ് ഓര്‍ഡറില്‍ മൂന്ന് വിക്കറ്റുകള്‍ നേടി ഷഹീന്‍ അഫ്രീദിയാണ് ന്യൂസിലന്റിനെ പിടിച്ചുകെട്ടിയത്. വില്ല്യസണ്‍ 41 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വന്ന നീഷമും(97), ഗ്രാന്റ്‌ഹോമും(64) ചേര്‍ന്ന് അവരെ കരകയറ്റുകയായിരുന്നു. അമീറും ഷഹാദാബും ഓരോ വിക്കറ്റ് നേടി മികവ് പുലര്‍ത്തിയതോടെ കിവികള്‍ പൊരുതാതെ അടിയറവ് പറയുകയായിരുന്നു. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ന്യൂസിലന്റിന് ഇനിയുള്ള മല്‍സരങ്ങളില്‍ മികവ് പ്രകടിപ്പിക്കണം.