പാകിസ്താനു 49 റണ്‍സ് ജയം; ദക്ഷിണാഫ്രിക്ക പുറത്ത്
ഹാരിസ് സുഹൈല്‍(89), ഇമാം(44), ഫഖര്‍(44), ബാബര്‍(69) എന്നിവരാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്
ഓവല്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാകിസ്താന് 49 റണ്‍സ് ജയം. ജയത്തോടെ പാകിസ്താന്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നു പുറത്തായി. 308 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. പാക് താരങ്ങളായ വഹാബും ഷദാബും മൂന്ന് വീതം വിക്കറ്റ് നേടി. ആമിര്‍ രണ്ട് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്ക അംല(2)യുടെ വിക്കറ്റ് നഷ്ടമായ ശേഷം ഡികോക്ക്(47), ഫഫ് ഡു പ്ലിസ്സിസ്(63) എന്നിവര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് പൊളിച്ചതോടെ പിന്നീട് വന്ന വാന്‍ ഡേര്‍ ഡുസ്സന്‍ (36), മില്ലര്‍(31), ഫെഹുക്കവയോ(46) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇവര്‍ക്ക് പാക് ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് വന്ന വാലറ്റക്കാരും പാക് ബൗളിങിന് മുന്നില്‍ വീഴുകയായിരുന്നു. പകുതി ഓവറില്‍ തന്നെ മല്‍സരം പാകിസ്താന് അനുകൂലമാവുകയായിരുന്നു. നേരത്തേ ടോസ് നേടിയ പാകിസ്താന്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 308 റണ്‍സെടുത്തു. ഹാരിസ് സുഹൈല്‍(89), ഇമാം(44), ഫഖര്‍(44), ബാബര്‍(69) എന്നിവരാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. 59 പന്തിലാണ് ഹാരിസ് 89 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എന്‍ഗിഡി മൂന്നും താഹിര്‍ രണ്ടും വിക്കറ്റ് നേടി. എട്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ജയം മാത്രമാണുള്ളത്. ഇന്നത്തെ മല്‍സരത്തിലെ ജയത്തോടെ രണ്ട് ജയവുമായി പാകിസ്താന്‍ ആറു പോയിന്റ് നേടി.