പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന: വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട്
ഈരാറ്റുപേട്ട: ലൗ ജിഹാദ് മാത്രമല്ല, നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ വ്യാപകമാവുന്നുവെന്നും നാര്‍ക്കോട്ടിക് ജിഹാദിന് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നുമുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം വര്‍ഗീയധ്രുവീകരണത്തിനായുള്ള ശ്രമമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി അഭിപ്രായപ്പെട്ടു.
ഏതെങ്കിലും ഒരു വിഭാഗത്തിലെ കുറ്റകൃത്യങ്ങള്‍ മറ്റൊരു വിഭാഗത്തിന്‍മേല്‍ കെട്ടിവയ്ക്കുന്നത് അശ്രദ്ധ മൂലമുണ്ടാവുന്നതല്ലെന്നും ബിഷപ്പ് പ്രസ്താവന തിരുത്തണമെന്നും സുനീര്‍ മൗലവി അല്‍ ഖാസിമി ആവശ്യപ്പെട്ടു. ലൗ ജിഹാദ് എന്ന ഒന്നില്ല എന്ന് കോടതി പ്രസ്താവിച്ചിട്ടും ആര്‍എസ്എസ് വിഭാഗം പ്രചരിപ്പിക്കുന്ന വ്യാജപ്രചരണം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘപരിവാര്‍ സംഘടനകള്‍ക്ക് വളംവച്ചുനല്‍കലാണ്.
ഇത്തരം ആരോപണങ്ങള്‍ ഒരു സമുദായത്തിന്‍മേല്‍ കെട്ടിവയ്ക്കുന്നത് സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്. അതിന്റെ ചട്ടുകമായി മാറുകയാണ് ഇത്തരം പുരോഹിതന്‍മാര്‍ ചെയ്യുന്നത്. ആരോപണം ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.