ന്യൂസിലന്റ് പത്തി മടക്കി; ഇത് പാകിസ്ഥാന്റെ മധുര പ്രതികാരം
ന്യൂസിലന്റിന് പിറകെ ഇംഗ്ലണ്ടും പാകിസ്ഥാനില്‍ നടക്കേണ്ട പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു.
ദുബയ്: ഇന്ന് ന്യൂസിലന്റിനെതിരേ അഞ്ച് വിക്കറ്റിന്റെ ജയം കൈവരിച്ച പാക് പടയക്ക് ഇത് വെറും ജയമല്ല. പ്രതികാരം കൂടി ആയിരുന്നു. സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് പാകിസ്ഥാനില്‍ നടക്കേണ്ട പരമ്പരയില്‍ നിന്ന് ന്യൂസിലന്റ് അടുത്തിടെ പിന്‍മാറിയിരുന്നു. പാകിസ്ഥാനില്‍ ന്യൂസിലന്റ് ടീം എത്തിയ ഉടനെയാണ് സൂരക്ഷാ ഭീഷണിയെന്ന ആരോപണം വരുന്നത്. ന്യൂസിലന്റ് ആണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ പാകിസ്ഥാന് ഇതിനെ തള്ളി രംഗത്ത് വന്നിയിരുന്നു. താരങ്ങള്‍ക്ക് എല്ലാ സുരക്ഷയും നല്‍കാമെന്നും ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അതു തള്ളി കിവികള്‍ അന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചു പറന്നു. ഇത് ലോകക്രിക്കറ്റില്‍ പാകിസ്ഥാന് തിരിച്ചടി ആയിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്ത രാജ്യമാണ് പാകിസ്ഥാന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മനപൂര്‍വ്വം നടത്തുന്ന ആരോപണമാണ് സുരക്ഷാ കാരണങ്ങള്‍ എന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു. ന്യൂസിലന്റിന് പിറകെ ഇംഗ്ലണ്ടും പാകിസ്ഥാനില്‍ നടക്കേണ്ട പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. ലോകകപ്പിന് മുന്നോടിയായി മികച്ച മല്‍സരങ്ങള്‍ കളിക്കാമെന്ന പാക് ടീമിന്റെ മോഹങ്ങള്‍ക്ക് ഇത് വന്‍ ആഘാതവുമായിരുന്നു. ഈ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ലോകകപ്പില്‍ ന്യൂസിലന്റിന് മറുപടി കൊടുക്കാമെന്ന് ചില പാക് താരങ്ങള്‍ വെല്ലുവിളിച്ചിരുന്നു. അതേ ഇന്ന് അവര്‍ ന്യൂസിലന്റിനോട് മധുരമായി പ്രതികാരം വീട്ടി. പരിശീലന മല്‍സരങ്ങള്‍ ഇല്ലാതെ , കിരീട ഫേവററ്റുകള്‍ എന്ന പൊന്‍തൂവല്‍ ഇല്ലാതെ , വന്‍ താരനിരയുടെ ബാനറും ഇല്ലാതെ വന്ന പച്ചപട കുതിക്കുകയാണ് കിരീടത്തിനായി ടീം വര്‍ക്കിലൂടെ, ആരെയും വീഴ്ത്താന്‍ പ്രാപ്തിയുള്ളവരായി. പാക് ക്യാപ്റ്റന്‍ പറഞ്ഞത് പോലെ ഇന്ത്യയ്‌ക്കെതിരേ മാത്രം ജയിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. കിരീടം മാത്രമാണ്.