ലോകകപ്പ്; അവസാന ഓവര്‍ ത്രില്ലറില്‍ ലങ്കയെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ലങ്കന്‍ നിരയില്‍ ഓപ്പണര്‍ പതും നിസങ്ക (72)യാണ് ടോപ് സ്‌കോറര്‍.
ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ ശ്രീലങ്കയെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയം. അവസാന ഓവര്‍ ത്രില്ലറിലാണ് പ്രോട്ടീസിന്റെ ജയം. അവസാന ഓവറില്‍ അവര്‍ക്ക് വേണ്ടത് 16 റണ്‍സായിരുന്നു. ലഹിരു കുമാരയുടെ ഈ ഓവറില്‍ ഡേവിഡ് മില്ലര്‍ രണ്ട് സിക്‌സും കഗിസോ റബാദെ ഒരു ഫോറും നേടി ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 142 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. ക്യാപ്റ്റന്‍ ടെംബാ ബാവുമയാണ്(46) പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. മില്ലര്‍ 23ഉം റബാദെ 13ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലങ്കയ്ക്കായി ഹസരങ്ക ഹാട്രിക്ക് നേടി അവര്‍ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മില്ലര്‍-റബാദെ ജോഡി നിലയുറപ്പിച്ചത് ലങ്കയ്ക്ക് തിരിച്ചടിയായി. ലങ്കന്‍ നിരയില്‍ ഓപ്പണര്‍ പതും നിസങ്ക (72)യാണ് ടോപ് സ്‌കോറര്‍.