ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്‌ലി ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും
ന്യൂഡല്‍ഹി: ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളുടെ പേര് ഇന്ന് പുറത്ത് വിടും.ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 18ാം സീസണിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള തിയ്യതി ഇന്നാണ് അവസാനിക്കുക.മെഗാ ലേലത്തിനു മുന്‍പ് ടീമുകള്‍ക്ക് പരമാവധി 6 താരങ്ങളെ നിലനിര്‍ത്താം. ഇവരെ നേരിട്ടോ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) വഴി ലേലത്തില്‍ എടുക്കുകയോ ചെയ്യാം. നിലനിര്‍ത്തുന്ന താരങ്ങള്‍ ഇന്ത്യക്കാരാകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പരമാവധി 5 ക്യാപ്ഡ് താരങ്ങളെയും (5 വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര മത്സരം കളിച്ചവര്‍) 2 അണ്‍ ക്യാപ്ഡ് (ഇന്ത്യന്‍ ആഭ്യന്തര താരങ്ങളും വിരമിച്ചവരും) താരങ്ങളെയും മാത്രമേ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയൂ. കുറഞ്ഞത് 18 താരങ്ങളും പരമാവധി 25 താരങ്ങളും ഓരോ ടീമിലും നിര്‍ബന്ധമായി വേണം. ആകെയുള്ള 125 കോടി രൂപയില്‍ 75 കോടി നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി ചെലവഴിക്കണം.
സൂപ്പര്‍ താരം വിരാട് കോഹ്‌ലി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും.നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയവരെ ടീമില്‍ നിലനിര്‍ത്തേണ്ടെന്നു ബെംഗളൂരു തീരുമാനിച്ചതോടെയാണ് നായക സ്ഥാനത്തേക്ക് മുപ്പത്തിയഞ്ചുകാരനായ കോഹ്‌ലി തിരിച്ചെത്തുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ് തുടരും. കമിന്‍സിനു പുറമേ, ഹെയ്ന്റിച് ക്ലാസന്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയാണ് ലേലത്തിനു മുന്‍പ് ഹൈദരാബാദ് നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്താതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ലേലത്തിന് എത്തുന്നത്. ശ്രേയസിനൊപ്പം സൂപ്പര്‍ താരം ആന്ദ്രെ റസലും ടീമിനു പുറത്തേക്കു പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. സുനില്‍ നരെയ്ന്‍, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാകും കൊല്‍ക്കത്ത ടീം നിലനിര്‍ത്തുന്ന താരങ്ങള്‍.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, റാഷിദ് ഖാന്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാത്തിയ, ഷാറൂഖ് ഖാന്‍ എന്നിവരെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീം നിലനിര്‍ത്തുന്നത്. എം.എസ്.ധോണിയെ അണ്‍ ക്യാപ്ഡ് താരമായി ഉള്‍പ്പെടുത്തി ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാന, ശിവം ദുബെ എന്നീ താരങ്ങളെയും ചെന്നൈ നിലനിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.