വാതുവയ്പ്പ്: രണ്ട് യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐസിസിയുടെ വിലക്ക്

ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐസിസി താല്‍ക്കാലികമായി വിലക്കിയത്. 2019 ഒക്ടോബറില്‍ നടന്ന ട്വന്റി- 20 ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് താരങ്ങള്‍ വാതുവയ്പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Update: 2020-09-14 02:27 GMT

ദുബയ്: അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് രണ്ട് യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐസിസി താല്‍ക്കാലികമായി വിലക്കിയത്. 2019 ഒക്ടോബറില്‍ നടന്ന ട്വന്റി- 20 ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് താരങ്ങള്‍ വാതുവയ്പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇരുവര്‍ക്കും ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സപ്തംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഐസിസി അഴിമതിവിരുദ്ധ ചട്ടത്തിലെ ഒത്തുകളിക്കാന്‍ വേണ്ടി പണം വാങ്ങുക, ഇത്തരത്തില്‍ ഉപഹാരങ്ങളും മറ്റും സ്വീകരിച്ചത് ഐസിസിയുടെ അഴിമതിവിരുദ്ധ യൂനിറ്റിനെ അറിയിക്കാതിരിക്കുക തുങ്ങിയവ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തിരിക്കുന്നത്.

യുഎഇയ്ക്ക് വേണ്ടി ഒമ്പത് ഏകദിനങ്ങളും നാല് ട്വന്റി- 20 മല്‍സരങ്ങളും കളിച്ച താരമാണ് ഇടംകൈ പേസറായ ആമിര്‍ ഹയാത്ത്. അഷ്ഫാഖ് അഹമ്മദ് 16 ഏകദിനങ്ങളും 12 ട്വന്റി- 20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. അതേസമയം, വിലക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോപണങ്ങളോട് പ്രതികരിക്കാന്‍ സപ്തംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News