വിരമിക്കല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ

Update: 2024-11-05 06:52 GMT

ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ഇത്തവണത്തെ രഞ്ജി സീസണോടെ ക്രിക്കറ്റ് അവസാനിപ്പിക്കുകയാണെന്ന് സാഹ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. ബംഗാള്‍ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാഹ.

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് സാഹ. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകള്‍ കളിച്ച താരം മൂന്നു സെഞ്ചുറിയടക്കം 1,353 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി ഒമ്പത് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 170 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2,934 റണ്‍സും നേടി. ഐപിഎല്ലില്‍ ഗുജറാത്തിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ബിസിസിഐ താരത്തെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

നേരത്തേ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരം അവസരങ്ങള്‍ ലഭിച്ച സാഹ, ഋഷഭ് പന്തിന്റെ വരവോടെ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച താരത്തെ ഇത്തവണ ടീം നിലനിര്‍ത്തിയിട്ടില്ല. ഇതോടെയാണ് 40-കാരനായ സാഹ കളിമതിയാക്കാനുള്ള തീരുമാനമെടുത്തത്. ഇത്തവണ ഐപിഎല്ലിലും കളിച്ചേക്കില്ല. അടുത്ത സീസണ്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ സാഹ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.





Tags:    

Similar News