ഷഹീന്‍ അഫ്രീദിക്ക് ആറ് വിക്കറ്റ്; പാകിസ്താന് ജയം

നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇമാമുല്‍ ഹക്ക്(100), ബാബര്‍ അസം(96), ഇമാദ് വസീം(43) എന്നിവരുടെ മികവില്‍ പാകിസ്താന്‍ 315 റണ്‍സെടുത്തു.

Update: 2019-07-05 18:01 GMT

ലണ്ടന്‍: ബംഗ്ലാദേശിനെ 94 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്‍ ഈ ലോകകപ്പില്‍ നിന്നും വിടവാങ്ങി. സെമിയില്‍ കയറാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും ഷഹീന്‍ അഫ്രീദിയുടെ ബൗളിങ് മികവില്‍ പാകിസ്താന്‍ മികച്ച ജയം സ്വന്തമാക്കി. 315 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിനെ 44.1 ഓവറില്‍ 221 റണ്‍സിന് പാകിസ്താന്‍ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയാണ് പാക് ജയം എളുപ്പമാക്കിയത്. 64 റണ്‍സെടുത്ത ഷാക്കിബുല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത്. ലിറ്റണ്‍ ദാസ് 32 ഉം മുഹമ്മദുല്ല 29 റണ്‍സുമെടുത്തു. പാകിസ്താന്റെ ഓള്‍ റൗണ്ട് മികവിന് മുന്നില്‍ പൊരുതാന്‍ ബംഗ്ലാദേശിനായില്ല.

നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇമാമുല്‍ ഹക്ക്(100), ബാബര്‍ അസം(96), ഇമാദ് വസീം(43) എന്നിവരുടെ മികവില്‍ പാകിസ്താന്‍ 315 റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കിയ പാകിസ്താനെ അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സെയ്ഫുദ്ദീനും ചേര്‍ന്ന് 315 ല്‍ ഒതുക്കുകയായിരുന്നു. ബംഗ്ലാദേശ് നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.

അതിനിടെ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന നാലാം ടീമായി. ഇന്ന് ബംഗ്ലാദേശിനെതിരേ കൂറ്റന്‍ റണ്‍സ് ലക്ഷ്യമാക്കിയ പാകിസ്താന് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 315 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 315 റണ്‍സെടുത്തത്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ 450 റണ്‍സിന് മുകളില്‍ പാകിസ്താന്‍ സ്‌കോര്‍ ചെയ്യണമായിരുന്നു. അഞ്ച് ജയവുമായി പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു. മൂന്ന് ജയമുള്ള ബംഗ്ലാദേശ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

Tags:    

Similar News