തോറ്റവരുടെ ഫൈനലില്‍ ജയിക്കാന്‍ മൊറോക്കോയും ക്രൊയേഷ്യയും
ഖലീഫാ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് പോരാട്ടം.
ലോകകിരീടം സ്വപ്നം കണ്ട് ഒടുവില്‍ സെമിയില്‍ ഫ്രാന്‍സിനും അര്‍ജന്റീനയ്ക്കും മുന്നില്‍ കാലിടറിയ മൊറോക്കോയും ക്രൊയേഷ്യയും ഇന്ന് ലൂസേഴ്സ് ഫൈനലില്‍ ഏറ്റുമുട്ടുന്നു. ഖത്തറില്‍ പുതുചരിത്രം സൃഷ്ടിച്ച മൊറോക്കോയും ലൂക്കാ മോഡ്രിച്ച് എന്ന അതികായന്റെ ക്രൊയേഷ്യയും മൂന്നാം സ്ഥാനം നേടി ഖത്തറില്‍ നിന്ന് വിടപറയാനുള്ള ഒരുക്കത്തിലാണ്. ഖലീഫാ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് പോരാട്ടം.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മൊറോക്കോ ഇന്നിറങ്ങുക. ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെയും കാനഡയെയും വീഴ്ത്തിയാണ് മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായത്. തുടര്‍ന്നങ്ങളോട്ട് ലോകകപ്പ് ചരിത്രത്തിലെ തന്നെ അട്ടിമറി പരമ്പരകളുമായി കാല്‍പ്പന്ത് കളിപ്രേമികളുടെ മനംകവര്‍ന്നാണ് മൊറോക്കോ സെമി ഫൈനലിലെത്തിയത്. കരുത്തരായ സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവരെ വീഴ്ത്തിയെങ്കിലും സെമിയില്‍ ഫ്രാന്‍സിന്റെ പരിചയസമ്പത്തിന് മുന്നില്‍ പൊരുതിവീഴുകയായിരുന്നു. മറുഭാഗത്ത് ക്വാര്‍ട്ടറില്‍ കിരീട ഫേവററ്റുകളായ ബ്രസീലിനെ തകര്‍ത്താണ് ക്രൊയേഷ്യയെത്തുന്നത്.
സെമിയില്‍ മെസി മാജിക്കിലൂടെ അര്‍ജന്റീനയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ ക്രൊയേഷ്യ മൊറോക്കോയെ വീഴ്ത്തി മൂന്നാം സ്ഥാനം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പ് ആയ ക്രൊയേഷ്യയ്ക്ക് റയലിന്റെ മിഡ്ഫീല്‍ഡിങ് കാവല്‍ക്കാരനായ മോഡ്രിച്ചിന് ലോകകപ്പിലെ മൂന്നാം സ്ഥാനത്തിലൂടെയെങ്കിലും യാത്രയയപ്പ് നല്‍കാന്‍ മോഹമുണ്ട്. ക്രൊയേഷ്യന്‍ നിരയിലെ ഇവാന്‍ പെരിസിക്ക്, ഡെജന്‍ ലൊവറന്‍ എന്നിവര്‍ക്കും ഇത് അവസാന ലോകകപ്പാണ്. ഈ ലോകകപ്പില്‍ കൂടുതല്‍ സീനിയര്‍ താരങ്ങളുമായെത്തിയ ടീമാണ് ക്രൊയേഷ്യ. മൂന്നാം സ്ഥാനവും വാങ്ങി ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് യാത്രയപ്പ് നല്‍കുകയാണ് ലക്ഷ്യമെന്ന് കോച്ച് സ്ലാറ്റക്കോ ഡാലിച്ച് പറയുന്നു. ക്രൊയേഷ്യയുടെ പ്രധാന കരുത്ത് അവരുടെ മധ്യനിര തന്നെയാണ്. എന്നാല്‍ മിഡ്ഫീല്‍ഡര്‍ മാര്‍സെലോ ബ്രസോവിച്ച് പരിക്കിനെ തുടര്‍ന്ന് ഇറങ്ങാത്തത് തിരിച്ചടിയാവും.
ക്രിസ്റ്റിയന്‍ ജാക്കിക്കാണ് ബ്രസോവിച്ചിന് പകരം ഇറങ്ങുക. ആഫ്രിക്കന്‍-അറബ് കരുത്തുമായി ഖത്തറില്‍ പോരാട്ടവീര്യം തീര്‍ത്ത മഗ് രിബി എന്നറിയപ്പെടുന്ന മൊറോക്കോയുടെ നിരവധി താരങ്ങള്‍ ഇന്ന് പരിക്കിന്റെ പിടിയിലാണ്. ഡിഫന്‍ഡര്‍ നെയ്ഫ് അഗ്വേര്‍ഡ്, റൊമെയ്ന്‍ സായിസ്, നൗസെയര്‍ മസ്രൂയി എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ടീമിലെ 26 പേരില്‍ ഇതുവരെ ഇറങ്ങാത്ത അഞ്ച് പേരെയും ലൂസേഴ്സ് ഫൈനലില്‍ ഇറക്കാനാണ് കോച്ച് വാലിദിന്റെ തീരുമാനം. ഈ അഞ്ച് താരങ്ങളും 25 വയസ്സിന് താഴെയുള്ളവരാണ്. അശ്റഫ് ഹക്കീമി, ഹക്കിം സിയെച്ച്, അല്‍ നസ്രി എന്നിവരെല്ലാം ഖത്തറിലെ പ്രകടനം കൊണ്ട് ലോകനിലവാരത്തിലേക്ക് ഉയര്‍ന്നവരാണ്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരുള്ള ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഡൊമിനിക്ക് ലിവാകോവിച്ചും യാസിനെ ബോണോയും തമ്മിലുള്ള പോരാട്ടമാണ് ഒരു തരത്തില്‍ ഇന്ന് നടക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരത്തിനായി മല്‍സരിക്കുന്നതോടെ ഇരു ഗോള്‍കീപ്പര്‍മാരുടെയും വീര്യവും ഇന്ന് പുറത്തെടുക്കുമെന്ന് പ്രത്യാശിക്കാം.