കാല്‍പ്പന്തിലെ സുല്‍ത്താന്‍മാരെ ഇന്നറിയാം; കിരീടം യൂറോപ്പിനോ ലാറ്റിന്‍ അമേരിക്കയ്‌ക്കോ
നീണ്ട 32 വര്‍ഷത്തിന് ശേഷം കിരീടം കനകകീരീടം നേടാനുള്ള അസുലഭ അവസരമാണ് അര്‍ജന്റീനയ്ക്കു ലഭിച്ചത്.
ഖത്തറെന്ന കൊച്ചുമരുഭൂമിയെയും ലോകത്തെ തന്നെയും 30 ദിനരാത്രങ്ങള്‍ ഉല്‍സവാരവങ്ങള്‍കൊണ്ട് പൊതിഞ്ഞ കാല്‍പ്പന്ത് പൂരത്തിന് ഇന്ന് ലൂസെയ്ലിന്റെ കളിമുറ്റത്ത് കൊടിയിറക്കം. യുദ്ധമുഖം ജയിച്ചുകയറാന്‍ പായക്കപ്പലേറിയെത്തിയ 32 പടക്കപ്പലുകളില്‍ ഇനി അവശേഷിക്കുന്നത് രണ്ടേരണ്ടു പടയാളിക്കൂട്ടം. ഇന്ത്യന്‍ സമയം രാത്രി 8.30നുള്ള കലാശപ്പോരിലൂടെ ലോകം കീഴടക്കാനിറങ്ങുന്നത്, ഈ നൂറ്റാണ്ടിലെ ഫുട്ബോള്‍ മിശ്ശിഹാ സാക്ഷാല്‍ ലയണല്‍ മെസ്സിയെന്ന കപ്പിത്താന്റെ ചുമലിലേറി വരുന്ന അര്‍ജന്റീനയും അതിവേഗ ഓട്ടക്കാരെപ്പോലും അതിശയിപ്പിക്കുന്ന യുവകരുത്തുമായെത്തുന്ന കിലിയന്‍ എംബാപ്പെയുടെ ഫ്രഞ്ച് പടയുമാണ്.
തന്റെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയുടെ കിരീടധാരണത്തിനു വേണ്ടി കാത്തിരിക്കുന്നത് അര്‍ജന്റീന എന്ന ഒരു രാജ്യം മാത്രമല്ല, ലോക ഫുട്ബോളിനെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആരാധകരാണ്. തുടക്കം മുതല്‍ തന്നെ കിരീടമേറാന്‍ സാധ്യതയുള്ളവരുടെ ടീമാണ് അര്‍ജന്റീന. എന്നാല്‍, ആദ്യ മല്‍സരത്തില്‍ തന്നെ അറേബ്യന്‍ കരുത്തറിയിച്ച സൗദിയോട് ഓര്‍ക്കാപ്പുറത്തേറ്റ തോല്‍വിയില്‍ നിന്ന് സ്‌കലോണിയുടെ സംഘം സടകുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ യൂറോപ്പിലെ ഫുട്ബോള്‍ ഭീമന്‍മാരായ പിഎസ്ജിയുടെ രണ്ട് മുന്നേറ്റ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന്. ഓരോ മല്‍സരം കഴിയുമ്പോഴും ഒത്തിണക്കവും മികവും ഉയര്‍ത്തിത്തന്നെയാണ് ചരിത്രത്തിലെ മൂന്നാം വിശ്വകിരീടത്തിനു വേണ്ടിയുള്ള കലാശക്കളിക്കിറങ്ങുന്നത്.
ആക്രമണവും പ്രതിരോധവും സമാസമം നില്‍ക്കുന്നവരാണ് ഫ്രാന്‍സും അര്‍ജന്റീനയും. പ്രതിഭകളുടെ മിന്നലാട്ടം കൊണ്ട് അനുഗ്രഹീതമായ ടീമുകള്‍ പോരടിക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യം. ലയണല്‍ സ്‌കലോണിയുടെ മാന്ത്രിക തന്ത്രങ്ങളോ ദേഷാംസിന്റെ പരിചയ സമ്പത്തോ ഇന്ന് ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ജയിക്കുകയെന്നറിയാന്‍ അവസാന വിസില്‍ വരെ കാത്തിരിക്കണം.
നീണ്ട 32 വര്‍ഷത്തിന് ശേഷം കിരീടം കനകകീരീടം നേടാനുള്ള അസുലഭ അവസരമാണ് അര്‍ജന്റീനയ്ക്കു ലഭിച്ചത്. 2014ലെ ഫൈനലില്‍ ജര്‍മനിയോട് കൈവിട്ട കിരീടം ഫ്രാന്‍സിന് മുന്നില്‍ അടിയറ വയ്ക്കാന്‍ നീലപ്പട ഒരിക്കലും ആഗ്രഹിക്കിവ്വ. ഗോളടിച്ചും ഗോളടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ഫോമിലുള്ള ലയണല്‍ മെസ്സി തന്നെയാണ് ടീമിനെ മുന്നില്‍നിന്ന് നയിക്കുക. ഇതിനിടെ, മെസ്സിയുടെ കാല്‍ തുടയ്ക്കേറ്റ പരിക്ക് ടീമിനെ നേരിയ ആശങ്കയിലാഴ്ത്തുന്നുണ്ട്. പരിക്ക് കാരണം രണ്ട് സെഷനിലും താരം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. മെസ്സിയെ ആദ്യ ഇലവനില്‍ ഇറക്കി, ആശ്വാസകരമായ രീതിയില്‍ മൈതാനം അടക്കിവാഴുകയാണെങ്കില്‍, കൂടുതല്‍ ക്ഷീണിതനാവും മുമ്പ്, ഭാവി താരം ഡി ബാലയെ രണ്ടാം പകുതിയില്‍ ഇറക്കാനും കോച്ച് സ്‌കലോണി നിര്‍ബന്ധിതനായേക്കും. ഡിബാലയെ ആദ്യ പകുതിയില്‍ ഇറക്കി മെസ്സിയെ രണ്ടാം പകുതിയിലേക്ക് ഇറക്കുകയെന്ന സാഹസം സ്‌കലോണി കാട്ടിയാലും അല്‍ഭുതപ്പെടേണ്ടതില്ല.
കരീം ബെന്‍സിമ, കാന്റെ, പോഗ്ബെ എന്നീ വമ്പന്‍ താരനിര പരിക്കിന്റെ പിടിയിലായിട്ടും ഒട്ടും തളരാതെയാണ് ഫ്രഞ്ച് പട ഫൈനലിലെത്തിയത്. എതിരാളികളില്‍ നിന്ന് ഒരു ഗോളും വഴങ്ങാതെ റെക്കോഡ് കുതിപ്പിലൂടെ സെമിയിലെത്തിയ മൊറോക്കയുടെ ഗോള്‍ വല രണ്ട് തവണ കുലുക്കിയതും ഫ്രാന്‍സിന്റെ മനോധൈര്യം ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോവ് പോരാട്ടത്തില്‍ മുന്നിലുള്ള എമി മാര്‍ട്ടിന്‍സ് എന്ന അര്‍ജന്റീനന്‍ കാവല്‍ക്കാരന്റെ പാളയത്തിലേക്ക് ഫ്രഞ്ച് നിര നിറയൊഴിക്കാന്‍ അല്‍പ്പം പാടുപെടും. എന്നാല്‍ പരിചയസമ്പത്തും എംബാപ്പെയുടെ ചടുലനീക്കങ്ങളും ഒചത്തിണങ്ങിയാല്‍ എമി മാര്‍ട്ടിന്‍സിന് തടയാനാവുമോ എന്ന് കണ്ടറിയേണ്ടി വരും. ആദ്യ മല്‍സരങ്ങളില്‍ പുറകോട്ട് പോയ ഹ്യൂഗോ ലോറിസ് എന്ന ഫ്രഞ്ച് ഗോള്‍ കീപ്പര്‍ തുടര്‍ന്നുള്ള മല്‍സരങ്ങില്‍ മിന്നും ഫോമിലെത്തിയതും ഫ്രഞ്ച് പടയ്ക്ക് ആത്മവിശ്വാസമേകിയിട്ടുണ്ട്.
ഗോളടിക്കുന്നതില്‍ മാത്രമല്ല അവസരങ്ങള്‍ സൃഷ്ടിച്ചും പ്രതിരോധത്തില്‍ മുന്നില്‍ നിന്നും ഓള്‍ റൗണ്ട് മികവോടെയാണ് മെസ്സിയുടെ കുതിപ്പ്. കാല്‍പ്പന്ത് കരിയറില്‍ എന്തൊക്കെ നേട്ടങ്ങളുണ്ടോ അതെല്ലാം സ്വന്തം പേരിലാക്കിയ മെസ്സിയുടെ തലയില്‍ ഒരു വിശ്വകിരീടം മാത്രമാണ് അവശേഷിക്കുന്നത്. ആ വിടവ് നികത്താനായിരിക്കും ലയണല്‍ മെസ്സിയുടെ ഇന്നത്തെ പടപ്പുറപ്പാട്. നേട്ടങ്ങളുടെ ആകാശനീലിമയിലേക്ക് മെസ്സിയെന്ന് മാന്ത്രികനൊരു സുവര്‍ണകിരീടം നല്‍കി യാത്രയയക്കാന്‍ നീലപ്പടയയും കൈമെയ് മറന്ന് പോരാടും.
ഗോള്‍ഡന്‍ ബൂട്ടിനു വേണ്ടി മുന്നിലുള്ളവര്‍ തന്നെയാണ് കിരീടത്തിനായും മുന്നില്‍ നില്‍ക്കുന്നത്. ലോകകപ്പില്‍ മെസ്സിക്കും എംബാപ്പെയ്ക്കും അഞ്ച് ഗോള്‍ വീതമാണുള്ളത്. മെസ്സിക്ക് മൂന്ന് അസിസ്റ്റും എംബാപ്പെയ്ക്ക് രണ്ട് അസിസ്റ്റുമുണ്ട്. നാല് ഗോള്‍ വീതമായി അര്‍ജന്റീനയുടെ തന്നെ ജൂലിയാന്‍ അല്‍വാരസും ഫ്രാന്‍സിന്റെ വെറ്ററന്‍ താരം ഒലിവര്‍ ജിറൗഡും ഗോള്‍ഡന്‍ ബൂട്ട് റേസില്‍ തൊട്ടുപിന്നിലുണ്ട്. അവസാന ലോകകപ്പ് കളിക്കുന്ന ജിറൗഡിനും കിരീടം നേടി വിടപറയാനാണ് മോഹം. അതിനിടെ പരിക്ക് കാരണം സ്‌ക്വാഡില്‍ നിന്ന് ലോകകപ്പിന് മുമ്പ് പുറത്തായ ബാലണ്‍ ഡിയോര്‍ ജേതാവ് കരീം ബെന്‍സിമ ഇന്ന് ഫ്രാന്‍സിനായി കളത്തിലറങ്ങിയേക്കുമെന്നും സൂചനയപണ്ട്. ഫ്രഞ്ച് സ്‌ക്വാഡിലെ നാലോളം താരങ്ങള്‍ക്ക് പ്രത്യേക തരം പനി ബാധിച്ചതായി റിപോര്‍ട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ ടീം പുറത്ത് വിട്ടിട്ടില്ല.
എംബാപ്പെയെയും ജിറൗഡിനെയും പൂട്ടിയാലും ഫ്രാന്‍സിനായി അവതരിക്കാന്‍ ഇനിയുമേറെ താരങ്ങളുണ്ട്-ചൗമിനി, ഫെര്‍ണാണ്ടസ്, കോളോ മുവാനി എന്നിവരാണ് ഇവരില്‍ പ്രധാനി. അനുഭവസമ്പത്തിന്റെ കരുത്തായ അത്ലറ്റിക്കോ താരം അന്റോണിയോ ഗ്രീസ്മാന്‍ മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്നു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗ്രീസ്മാന്‍ ഓള്‍ റൗണ്ടറാണ്. ഫ്രഞ്ച് നിരയില്‍ ഏതെങ്കിലും ഒരു പ്രത്യേക താരത്തെ പിടിച്ചുകെട്ടാന്‍ അര്‍ജന്റീനയ്ക്കാവില്ല. ആരാണ് വലകുലുക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത വിധം താരനിബിടമാണ് ഫ്രഞ്ച് പട. ഉസെയ്ന്‍ ബോള്‍ട്ടിനെ ഓര്‍മിപ്പിക്കുന്ന അതിവേഗവുമായി കുതിക്കുന്ന എംബാപ്പെയ്ക്ക് പൂട്ടിടാന്‍ അര്‍ജന്റീനയ്ക്ക് പ്രത്യേക കെണിയൊരുക്കേണ്ടി വരും. എല്ലാറ്റിനും പുറമെ, കഴിഞ്ഞ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ 4-3നേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് മെസ്സിപ്പട ഇന്നിറങ്ങുക. പ്ലേയിങ് ഇലവനെ കൂടാതെ ബെഞ്ച് നിരയും മിന്നുംഫോമിലാണെന്ന് വാമോസിന് ആത്മവിശ്വാസം പകരുന്നുണ്ട്.
എമി മാര്‍ട്ടിനസ്, മൊളീനാ, റൊമേറോ, ഒട്ടാമെന്‍ഡി, മാര്‍ക്കോസ് അക്ക്വനാ, പെരേഡെസ്, ഡി പോള്‍, ഫെര്‍ണാണ്ടസ്, മാക്ക് അലിസ്റ്റര്‍, മെസ്സി, അല്‍വാരസ് എന്നിവരടങ്ങുന്നതാണ് അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍. കോപ്പയിലെ വിജയ ശില്‍പ്പി എയ്ഞ്ചല്‍ ഡി മരിയയെ സബ്ബായും ഇറക്കിയേക്കും. ലോറിസ്, കൗണ്‍ണ്ഡെ, വരാനെ, കൊനാറ്റെ, തിയോ ഹെര്‍ണാണ്ടസ്, ഗ്രീസ്മാന്‍, ചൗമിനി, റാബിയോട്ട്, ഡെംബലേ, ജിറൗഡ്, എംബാപ്പെ എന്നിവരാണ് ഫ്രാന്‍സിന്റെ സാധ്യതാ ഇലവന്‍. ലൂസൈല്‍സിലെ പുല്‍മൈതാനിക്ക് തീപ്പടരുന്ന പോരാട്ടത്തിനൊടുവില്‍ ആരാവും കാല്‍പ്പന്ത് കളിയുടെ സുല്‍ത്താന്‍മാരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി.