ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് ; ലൈനപ്പ് ഇന്നറിയാം

 കാമറൂണാവട്ടെ എങ്ങനെയെങ്കിലും ബ്രസീലിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തുകയെന്ന സാഹസത്തിലാണ്.

Update: 2022-12-02 06:35 GMT



ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ മല്‍സരത്തോടെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് അറിയാനാവും. അവസാന ദിവസം ഇറങ്ങുന്നത് ഗ്രൂപ്പ് ജിയും എച്ചുമാണ്. ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ രണ്ട് ജയവുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞതാണ്. ഗ്രൂപ്പില്‍ ഒരു ജയവുമായി സ്വിറ്റ്സര്‍ലന്റാണ് രണ്ടാം സ്ഥാനത്ത്. ഓരോ സമനില മാത്രമുള്ള കാമറൂണും സെര്‍ബിയയും മൂന്നും നാലും സ്ഥാനത്താണുള്ളത്. പ്രീക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമിനെ ഇന്നത്തെ മല്‍സരത്തിലൂടെ മാത്രമേ അറിയാനാവൂ. ബ്രസീലിന്റെ ഇന്നത്തെ എതിരാളികള്‍ കാമറൂണ്‍ ആണ്. കാമറൂണിനെ വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയാണ് കാനറികളുടെ ലക്ഷ്യം.


 കാമറൂണാവട്ടെ എങ്ങനെയെങ്കിലും ബ്രസീലിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തുകയെന്ന സാഹസത്തിലാണ്. കാമറൂണ്‍ ബ്രസീലിനെ അട്ടിമറിച്ചാലും ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തെ ആശ്രയിച്ചിരിക്കും അവസാന 16ല്‍ ഇടം നേടുക. സ്വിറ്റ്സര്‍ലന്റും സെര്‍ബിയയുമാണ് രണ്ടാം മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ട് മല്‍സരവും ഇന്ത്യന്‍ സമയം രാത്രി 12.30നാണ്. മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്റ് ജയിച്ചാല്‍ അനായാസം പ്രീക്വാര്‍ട്ടറില്‍ കയറാം. സെര്‍ബിയയാണ് ജയിക്കുന്നതെങ്കില്‍ ബ്രസീല്‍-കാമറൂണ്‍ ഫലവും നിര്‍ണായകമാവും. പോയിന്റുകള്‍ തുല്യമാവുന്ന പക്ഷം ഗോള്‍ ശരാശരിയെ അടിസ്ഥാനമാക്കി ഒരു ടീം പ്രീക്വാര്‍ട്ടറില്‍ കയറും.


 

ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗല്‍ രണ്ട് ജയവുമായി പ്രീക്വാര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ചതാണ്. ഒരു ജയവുമായി ഘാന രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റുമായി ദക്ഷിണകൊറിയയും ഉറുഗ്വെയും മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് പോര്‍ച്ചുഗലിന്റെ എതിരാളി ദക്ഷിണകൊറിയയും ഘാനയുടെ എതിരാളി ഉറുഗ്വെയുമാണ്. രണ്ട് മല്‍സരങ്ങളും രാത്രി 8.30ന് നടക്കും. ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് പറങ്കികളുടെ ലക്ഷ്യം. ഉറുഗ്വെയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ച ടീമാണ് കൊറിയ.



 


എന്നാല്‍ ഘാനയോട് 3-2ന്റെ തോല്‍വിയും വഴങ്ങി. ഇന്ന് പോര്‍ച്ചുഗലിനോട് സമനില വഴങ്ങിയാല്‍ കൊറിയ പുറത്താവും. ജയിച്ചാലും ദക്ഷിണകൊറിയയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നം സാധ്യമാവില്ല. ഗ്രൂപ്പിലെ ഘാന-ഉറുഗ്വെ മല്‍സരഫലം കൂടി ആശ്രയിക്കേണ്ടി വരും. ഘാന ജയിച്ചാല്‍ അവര്‍ അടുത്ത റൗണ്ടില്‍ കടക്കും. ഉറുഗ്വെ ജയിക്കുകയും കൊറിയ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഗോള്‍ ശരാശരിയെ അടിസ്ഥാനമാക്കി ഒരു ടീം പ്രീക്വാര്‍ട്ടറില്‍ കയറും. പോര്‍ച്ചുഗലിനോട് കൊറിയ തോല്‍ക്കുകയും ഉറുഗ്വെ ഘാനയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഉറുഗ്വെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. ഈ നാല് മല്‍സരങ്ങള്‍ കഴിയുന്നതോടെ ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.





Tags:    

Similar News