ലോകകപ്പ്; റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

Update: 2022-11-24 02:19 GMT

ഖത്തറിലെ പുല്‍മൈതാനിയില്‍ കാല്‍പ്പന്ത് കളിയിലെ ആറാം കിരീടം ലക്ഷ്യമിട്ട് സാംബാതാളവുമായി ബ്രസീല്‍ ഇന്ന് ആദ്യ പോരിനിറങ്ങുന്നു. ഗ്രൂപ്പ് ജിയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന മല്‍സരത്തില്‍ സെര്‍ബിയയാണ് എതിരാളി. ലോക റാങ്കിങ്ങിലെ രാജപദവിയിലുള്ള ബ്രസീല്‍ സെര്‍ബിയന്‍ കടമ്പ അനായാസം കടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ബ്രസീല്‍ ടീമിലെ ഓരോ താരങ്ങളും യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ ഒന്നാം നമ്പര്‍ താരങ്ങളാണ്.

സൂപര്‍ താരം നെയ്മറിനു കീഴില്‍ ലാറ്റിന്‍ അമേരിക്കയിലെ യങ് ഗണ്‍സിന്റെ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒന്നിനൊന്ന് മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ നിന്ന് ആരെയെല്ലാം അന്തിമ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന തലവേദനയിലാണ് കോച്ച് ടീറ്റെ. ലോക റാങ്കിങില്‍ 21ാം സ്ഥാനത്താണ് സെര്‍ബിയയുടെ സ്ഥാനം. ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി അവരെ പ്ലേ ഓഫിലേക്ക് പറഞ്ഞയച്ച സെര്‍ബിയയെ ഇത്തിരിക്കുഞ്ഞന്‍മാരായി കാണില്ലെന്നുറപ്പ്. പ്രത്യേകിച്ച് സൗദിയില്‍ നിന്ന് അര്‍ജന്റീനയ്ക്കുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍. സെര്‍ബിയ നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അടുത്ത റൗണ്ടില്‍ പ്രവേശിച്ചത്. യുവന്റസിന്റെ സൂപ്പര്‍ താരം ദുസന്‍ വാല്‍ഹോവിച്ചും മിട്രോവിച്ചും ലൂക്കാ ജോവിക്കുമാണ് സൂപ്പര്‍ താരങ്ങള്‍.

ഗ്രൂപ്പ് എച്ചിലെ ആദ്യ മല്‍സരത്തിനിറങ്ങുന്ന പോര്‍ച്ചുഗലിന്റെ എതിരാളി ഘാനയാണ്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കീഴിലാണ് പറങ്കികള്‍ ഇറങ്ങുന്നത്. 38ാം വയസ്സിലേക്ക് പ്രവശിച്ച റൊണാള്‍ഡോയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഈ ലോകകപ്പ് കളിക്കുന്നതെന്ന് ടീമംഗങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോയ്ക്ക് വേണ്ടി കിരീടത്തില്‍ കുറഞ്ഞതൊന്നും പറങ്കിപ്പടയാളികള്‍ക്ക് ലക്ഷ്യമില്ല. ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന്റെ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടുകളിലെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. പ്ലേ ഓഫിലൂടെയാണ്

രംഗപ്രവേശനം. ഡീഗോ കോസ്റ്റാ, കാന്‍സലോ, സീനിയര്‍ താരം പെപ്പേ, ഡയസ്, ഗുറേറോ, നെവസ്, കാര്‍വലോ, ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ലിയോ എന്നിവരെല്ലാം സ്‌ക്വാഡില്‍ ഇടം നേടിയേക്കും. മോശം ഫോമിലുള്ള റൊണാള്‍ഡോ ദേശീയ ടീമിനൊപ്പം തിളങ്ങി വന്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. ലോക റാങ്കിങില്‍ 61ാം റാങ്കുകാരാണ് ഘാന. 2010 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച അവര്‍ ഏഴാം സ്ഥാനത്തെത്തി കരുത്ത് കാട്ടിയിരുന്നു. ഗ്രൂപ്പ് ജിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.30ന് നടക്കുന്ന മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്റ് കാമറൂണിനെ നേരിടും. വൈകീട്ട് 6.30ന് ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന മല്‍സരത്തില്‍ സുവാരസ്, കവാനി, ഡാര്‍വിന്‍ ന്യൂനസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഉറുഗ്വേ ദക്ഷിണകൊറിയയെ നേരിടും.


Tags:    

Similar News