ലോകകപ്പ്; ഗ്രൂപ്പ് എയ്ക്കും ബിയ്ക്കും ഇന്ന് വിധി ദിനം
ഇന്ന് ഖത്തറിനെതിരേ ജയിച്ചാല്‍ ഓറഞ്ച് പടയ്ക്ക് എളുപ്പം പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു. ഗ്രൂപ്പ് എയും ബിയുമാണ് അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കായി ഇന്നിറങ്ങുന്നത്. ഇരുഗ്രൂപ്പുകളില്‍ നിന്ന് ആരെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് കയറുമെന്ന് ഇന്നറിയാം. ഗ്രൂപ്പ് എയില്‍ ഇക്വഡോര്‍ സെനഗലിനെയും ആതിഥേയരായ ഖത്തര്‍ നെതര്‍ലാന്റ്സിനെയും നേരിടും. രണ്ട് മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 8.30നാണ്. ഇനി ഗ്രൂപ്പിലെ നിലവിലെ സ്ഥിതി നോക്കാം. ഒരു സമനിലയും ഒരു ജയവുമായി നെതര്‍ലന്റസാണ് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരു ജയവും ഒരു സമനിലയും തന്നെ കൈയില്ലുള്ള ഇക്വഡോറിനും നാല് പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയില്‍ നെതര്‍ലന്റസാണ് മുന്നില്‍. ഒരു ജയം മാത്രം ഉള്ള സെനഗല്‍ മൂന്നാം സ്ഥാനത്താണ്. ഒരു പോയിന്റുമില്ലാത്ത ആതിഥേയരായ ഖത്തര്‍ നാലാം സ്ഥാനത്താണ്.
ഇന്ന് ഖത്തറിനെതിരേ ജയിച്ചാല്‍ ഓറഞ്ച് പടയ്ക്ക് എളുപ്പം പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഇക്വഡോര്‍ സെനഗല്‍ മല്‍സരത്തിലെ വിജയികള്‍ക്കും പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കാം. പരാജയപ്പെട്ടാല്‍ സെനഗലിനും മടക്കടിക്കറ്റ് റെഡിയാക്കാം. ഗ്രൂപ്പില്‍ നിന്ന് നേരത്തെ പുറത്തായ ഖത്തറിന് ഇന്ന് ജയിച്ചാലും അവസാന 16 ല്‍ ഇടം ലഭിക്കില്ല. ഗ്രൂപ്പ് ബിയിലെ രണ്ട് മല്‍സരങ്ങളും അര്‍ദ്ധരാത്രി 12.30നാണ് ആരംഭിക്കുക. ആദ്യ മല്‍സരത്തില്‍ ഇറാന്‍ അമേരിക്കയെ നേരിടുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ വെയ്ല്‍സ് ഇംഗ്ലണ്ടിനെ നേരിടും. ഒരു സമനിലയും ഒരു ജയവുമുള്ള ഇംഗ്ലണ്ടിന് നാല് പോയിന്റാണുള്ളത്. ആദ്യ മല്‍സരത്തില്‍ ഇറാനെ ഇംഗ്ലണ്ട് 6-2ന് പരാജയപ്പെടുത്തിയിരുന്നു.
രണ്ടാം മല്‍സരത്തില്‍ അമേരിക്കയോട് ഇംഗ്ലണ്ട് ഗോള്‍ രഹിത സമനില വഴങ്ങുകയും ചെയ്തു. വെയ്ല്‍സാവട്ടെ അമേരിക്കയോട് ആദ്യ മല്‍സരത്തില്‍ 1-1ന്റെ സമനില വഴങ്ങിയിരുന്നു. രണ്ടാം മല്‍സരത്തില്‍ വെയ്ല്‍സ് ഇറാനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ജയിച്ചാല്‍ ഇംഗ്ലണ്ടിന് അവസാന 16ല്‍ ഇടം നേടാം. തോറ്റാല്‍ രണ്ടാം മല്‍സരത്തിന്റെ ഫലത്തിനെ ആശ്രയിച്ചായിരിക്കും ഇംഗ്ലണ്ടിന്റെ വിധി. അമേരിക്കയ്ക്കെതിരേ ജയിച്ചാല്‍ ഇറാനും അവസാന 16ല്‍ സ്ഥാനം കണ്ടെത്താം. ഗ്രൂപ്പില്‍ ഇറാനാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത്.
മൂന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ മാത്രമേ അമേരിക്കയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയൂ. ഒരു പോയിന്റുമായി അവസാന സ്ഥാനത്തുള്ള വെയ്ല്‍സ് ഇന്ന് ഇംഗ്ലണ്ടിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാലും ഇറാന്‍-അമേരിക്ക മല്‍സരം ഫലത്തെ ആശ്രയിച്ചായിരിക്കും പ്രീക്വാര്‍ട്ടര്‍ നിര്‍ണ്ണയം. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനും ഇറാനുമാണ് ജയസാധ്യത. അമേരിക്ക-ഇറാന്‍ മല്‍സരം സമനിലയിലായാലും ഇറാന് അടുത്ത റൗണ്ട് ഉറപ്പിക്കാം.