കരീം ബെന്‍സിമ; റയലിന്റെ ജീവനാഡി; യൂറോപ്പ്യന്‍ ക്ലബ്ബുകളുടെ പേടിസ്വപ്നം

മല്‍സരത്തിന്റെ ഇഞ്ചുറി ടൈം വരെ കരുതിയിരിക്കേണ്ട പോരാളിയാണ് ബെന്‍സിമ.

Update: 2022-04-14 11:32 GMT
കരീം ബെന്‍സിമ; റയലിന്റെ ജീവനാഡി; യൂറോപ്പ്യന്‍ ക്ലബ്ബുകളുടെ പേടിസ്വപ്നം

ലോക ഫുട്‌ബോളില്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത സ്‌ട്രൈക്കര്‍ എന്ന ചോദ്യത്തിന് നിലവിലെ ഉത്തരം കരീം ബെന്‍സിമ എന്നാണ്. റയല്‍ മാഡ്രിഡിന്റെ ഭൂരിഭാഗം വിജയങ്ങളിലെയും സജീവ സാന്നിധ്യമായ ഈ 34കാരന്‍ ഗോള്‍ നേട്ടങ്ങള്‍ കൊണ്ട് ലോക ഫുട്‌ബോള്‍ കീഴടക്കുകയാണ്.സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റയലിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി കരീം ബെന്‍സിമ എന്ന ഫ്രഞ്ച് താരമാണ്. നിലവിലെ ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയെ ക്വാര്‍ട്ടറില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വീഴ്ത്തിയതും ബെന്‍സിമയുടെ നിര്‍ണ്ണായക ഗോളുകളിലൂടെയാണ്. ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബെന്‍സിമ ഹാട്രിക്ക് നേടി. രണ്ടാം പാദത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ചെല്‍സിയ്‌ക്കെതിരായ നിര്‍ണ്ണായക ഗോള്‍ അവസാന നിമിഷം നേടിയതും ബെന്‍സിമയാണ്.പ്രീക്വാര്‍ട്ടറില്‍ കരുത്തരായ പിഎസ്ജിയെ പുറത്താക്കിയതും ബെന്‍സിമയുടെ ഹാട്രിക്ക് ഗോളിനെ പിന്‍പറ്റിയാണ്.


ബെന്‍സിമ-വിനീഷ്യസ് ജൂനിയര്‍ കൂട്ടുകെട്ടാണ് ഇന്ന് റയലിന്റെ കരുത്ത്. മല്‍സരത്തിന്റെ ഇഞ്ചുറി ടൈം വരെ കരുതിയിരിക്കേണ്ട പോരാളിയാണ് ബെന്‍സിമ.21ാം നൂറ്റാണ്ടില്‍ ലോകഫുട്‌ബോളില്‍ മികച്ച 100 സ്‌ട്രൈക്കര്‍മാരെ 2019ല്‍ തിരഞ്ഞെടുത്തപ്പോള്‍ ബെന്‍സിമ 93ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2022 ആയപ്പോള്‍ ബെന്‍സിമ ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.


 ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ശേഷം റയലിന്റെ വിശ്വസ്തനായ സ്‌ട്രൈക്കറാണ് ബെന്‍സിമ. റൊണാള്‍ഡോ കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ബെന്‍സിമയും ക്ലബ്ബിലുള്ളത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് കീഴില്‍ തിളങ്ങാന്‍ ബെന്‍സിമയ്ക്കായില്ല. റൊണാള്‍ഡോയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരം ബെന്‍സിമയാണ്.


2009ല്‍ ലിയോണില്‍ നിന്നെത്തിയ താരം 2011 മുതലാണ് റയലില്‍ തിളങ്ങാന്‍ തുടങ്ങിയത്. ആ സീസണില്‍ 32 ഗോളുകള്‍ താരം സ്വന്തമാക്കിയിരുന്നു. ഇതിനിടക്ക് താരം ഫോം ഔട്ടായിരുന്നു. തുടര്‍ന്നുള്ള റൊണാള്‍ഡോയുടെ സുവര്‍ണ്ണകാലഘട്ടം. റൊണാള്‍ഡോ 2017-18 സീസണില്‍ ക്ലബ്ബ് വിടുമ്പോള്‍ ബെന്‍സിമയുടെ ആ സീസണിലെ ഗോളുകള്‍ അഞ്ചായിരുന്നു. 2018ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത് മുതലാണ് ബെന്‍സിമയെന്ന താരം റയലില്‍ വീണ്ടും ഉദിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നുള്ള എല്ലാ സീസണുകളിലും ബെന്‍സിമ 20ല്‍ കൂടുതല്‍ ഗോളുകളാണ് റയലിനായി നേടിയത്. റൊണാള്‍ഡോയ്ക്ക് ശേഷം റയലിന്റെ പ്രധാന സ്‌ട്രൈക്കറിലേക്ക് ബെന്‍സിമ ഉയരുകയായിരുന്നു. തുടര്‍ന്നുള്ള സീസണുകളില്‍ 21, 21, 23, 24 എന്നിങ്ങനെയാണ് ബെന്‍സിമ നേടിയ ഗോളുകളുടെ എണ്ണം.


നിലവില്‍ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരില്‍ ബെന്‍സിമ മൂന്നാം സ്ഥാനത്താണ്(216). റൗള്‍ (228), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (311) എന്നിവരാണ് ബെന്‍സിമയ്ക്ക് മുന്നിലുള്ളത്.



എങ്ങിനെ ലോകത്തിലെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കര്‍ ആയെന്ന ചോദ്യത്തിന് ബെന്‍സിമയ്ക്ക് പറയാനുള്ള ഇതാണ്. സീസണില്‍ 50-60 ഉം ഗോളുകള്‍ നേടുന്ന ഒരു താരത്തിനൊപ്പം വര്‍ഷങ്ങള്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളും അതുപോലെ ഉയരുമെന്നാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് തന്നെ മികച്ച സ്‌ട്രൈക്കര്‍ ആക്കിയത്. തന്റെ കരിയറിലെ നേട്ടങ്ങള്‍ക്ക് എന്നും ഉറ്റസുഹൃത്തിനോട് നന്ദി ഉണ്ടായിരിക്കുമെന്നും ബെന്‍സിമ പറയുന്നു.


ക്ലബ്ബ് ഫുട്‌ബോളില്‍ തിളങ്ങുമ്പോഴും ദേശീയ ടീമിനായി തിളങ്ങാന്‍ ബെന്‍സിമയക്ക് കാര്യമായി കഴിഞ്ഞിട്ടില്ല. സെക്‌സ് ടേപ്പ് വിവാദത്തില്‍ കുറ്റക്കാരനായതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം ദേശീയ ടീമില്‍ നിന്ന് താരം പുറത്തായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് ബെന്‍സിമ ഫ്രഞ്ച് സ്‌ക്വാഡില്‍ തിരികെയെത്തി. ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ റയലിനൊപ്പം ഇക്കുറിയും ചാംപ്യന്‍സ് ലീഗ് കിരീടം നേടാനാണ് ബെന്‍സിമയുടെ കുതിപ്പ്. സ്പാനിഷ് ലീഗ് കിരീടവും റയല്‍ ഏറെക്കൂറെ ഉറപ്പിച്ചതാണ്. ലോക ഫുട്‌ബോളിലെ മിന്നും സ്‌ട്രൈക്കര്‍മാരായ മെസ്സിയും റൊണാള്‍ഡോയ്ക്ക് ശേഷം അവരുടെ പദവി വഹിക്കാനാണ് ബെന്‍സിമയുടെ പ്രയാണം.




Tags:    

Similar News