ലുസൈല്‍സിലെ പുല്‍മൈതാനിക്ക് തീപ്പിടിച്ച ഫൈനല്‍ രാവില്‍ കപ്പുയര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നില്ല പോരാട്ടം. സുവര്‍ണപാദുകം ആരുനേടുമെന്നതും ഉറ്റുനോക്കുന്നതായിരുന്നു. മാസ്മരിക നിമിഷങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍, സാക്ഷാല്‍ ലയണല്‍ മെസ്സിയെ ഒരൊറ്റ ഗോളിന് പുറംതള്ളി ഫ്രഞ്ച് യുവഇതിഹാസം കിലിയന്‍ എംബാപ്പെ അത് സ്വന്തമാക്കിയപ്പോള്‍ അര്‍ഹിച്ച നേട്ടം തന്നെയായി. കലാശപ്പോരാട്ടത്തില്‍ എണ്ണംപറഞ്ഞ ഹാട്രിക്കിലൂടെ എംബാപ്പെയെന്ന ആ 23കാരന്‍ വരവറിയിക്കുകയായിരുന്നു, ലോകഫുട്ബോളിന്റെ നെറുകെയിലേക്കിനി ഇതിഹാസമാവാന്‍ ഞാനുണ്ടെന്ന വിളംബരം.
അര്‍ജന്റീനയുടെ കിരീട നേട്ടത്തിലും ലയണല്‍ മെസ്സിയുടെ ഫൈനലിലെ സൂപ്പര്‍ ഫോമിനിടയിലും തിളങ്ങിയ ഒരേ താരമാണ് ഫ്രാന്‍സിന്റെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് കിലിയന്‍ എംബാപ്പെയാണ്. ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് വിജയി. ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരം. ചരിത്ര നേട്ടങ്ങള്‍ ഫൈനല്‍ ദിനം നേടിയിട്ടും കിരീടം കൈവിട്ട ദുഖഭാരത്തോടെയാണ് എംബാപ്പെ മടങ്ങിയത്. എട്ട് ഗോളും മൂന്ന് അസിസ്റ്റുമായാണ് പിഎസ്ജി താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.
ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീനയ്ക്കെതിരായ ഫൈനല്‍ മല്‍സരത്തിന്റെ 80ാം മിനിറ്റ് വരെ ജയം വാമോസിനെന്ന് ഉറപ്പിച്ചിരിക്കെയാണ് എംബാപ്പെയിലൂടെ ഫ്രാന്‍സ് ഉയര്‍ത്തെഴുന്നേറ്റത്. 80, 81 മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍. തുടര്‍ന്നങ്ങോട്ട് ഫ്രാന്‍സിന്റെ ആധിപത്യം. മല്‍സരത്തില്‍ ഒപ്പത്തിനൊപ്പം ഫ്രാന്‍സിനെ പിടിച്ചുനിര്‍ത്തിയത് ഈ 23 കാരന്റെ ബ്രില്ല്യന്റ് ആയിരുന്നു. എക്സ്ട്രാ ടൈമിലും ടീമിനെ സമനിലയിലേക്കെത്തിച്ചത് എംബാപ്പെയുടെ മാന്ത്രിക ബൂട്ടുകള്‍ തന്നെയായിരുന്നു. ഒടുവില്‍ സഹതാരങ്ങള്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാതെ കിരീടം കൈവിടേണ്ടി വന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നെയ്മറും റെക്കോഡുകള്‍ വാരിക്കൂട്ടിയ ഈ നൂറ്റാണ്ടില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിവുണ്ടെന്ന് ഇതിനോടകം തെളിയിച്ച താരമാണ് എംബാപ്പെ. 2018ല്‍ ലോകകപ്പ് നേടിയ ടീമിലും ഈ താരം അവിഭാജ്യഘടമായിരുന്നു. ടീമിലും മിന്നും താരങ്ങള്‍ പരിക്കിന്റെ പിടിയിലകപ്പെട്ടിട്ടും ഫ്രാന്‍സ് എന്ന ശക്തിയെ ഫൈനല്‍ വരെ എത്തിച്ചത് എംബാപ്പെയെന്ന യുവകരുത്തിന്റെ കഴിവ് തന്നെയാണ്. മെസ്സി അര്‍ജന്റീനയെ നയിക്കുന്നത് പോലെ എംബാപ്പെയും ഈ ലോകകപ്പില്‍ ഫ്രാന്‍സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
വേഗതയിലെ രാജാവിന് രണ്ട് ലോകകപ്പുകളില്‍ ആയി 12 ഗോളുകള്‍ പോക്കറ്റിലുണ്ട്. ലോകകപ്പിലെ ഓള്‍ ടൈം ലീഡിങ് സ്‌കോറര്‍മാറില്‍ എംബാപ്പെ ആറാം സ്ഥാനത്താണ്. കളിച്ച മല്‍സരങ്ങളുടെ എണ്ണവും ഗോളുകളും നോക്കിയാല്‍ മെസ്സിയും റൊണാള്‍ഡോയും തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ നേടിയ പല നേട്ടങ്ങളെയും എംബാപ്പെ അതിവേഗം മറികടന്നിരുന്നു. 2017ല്‍ നെതര്‍ലന്റസിനെതിരേ ആയിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 2018 ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കെതിരേ സ്‌കോര്‍ ചെയ്ത എംബാപ്പെ പെലെയ്ക്ക് ശേഷം ചെറുപ്രായത്തില്‍ ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന താരവുമായി. തന്റെ 19ാം വയസ്സിലായിരുന്നു എംബാപ്പെയുടെ ആദ്യ ലോകകപ്പ് ഗോള്‍. ഫ്രാന്‍സിനായി 66 മല്‍സരങ്ങളില്‍ നിന്ന് 36 ഗോള്‍ നേടിയ എംബാപ്പെ തന്നെയാണ് മെസ്സിറൊണാള്‍ഡോ-നെയ്മര്‍ ത്രയങ്ങള്‍ക്ക് ശേഷം ലോക ഫുട്ബോള്‍ ഭരിക്കാനിരിക്കുന്നത്. എംബാപ്പെ ഫ്രാന്‍സിന്റെ വര്‍ത്തമാനവും ഭാവിയുമാണ്. വരും കാലങ്ങളില്‍ ലോക ഫുട്ബോളിലെ താരരാജവാന്‍ എംബാപ്പെയ്ക്ക് അധികം നാള്‍ വേണ്ടിവരില്ല.
ലോകകപ്പിന്റെ ആദ്യ എഡിഷന്‍ മുതല്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന താരത്തിന് പുരസ്‌കാരം നല്‍കാറുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഗോള്‍ഡന്‍ ബൂട്ട് 1982ലാണ് പ്രഖ്യാപിച്ചത്. അന്ന് ഗോള്‍ഡന്‍ ഷൂ എന്നായിരുന്നു അറിയപ്പെട്ടത്. കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരത്തിന് സില്‍വര്‍ ബൂട്ടും മൂന്നാമത്തെ താരത്തിന് ബ്രോണ്‍സ് ബൂട്ടും നല്‍കാറുണ്ട്. അര്‍ജന്റീനയുടെ ഗുലെര്‍മോ സ്റ്റാബില്‍ ആണ് എട്ട് ഗോളോടെ ആദ്യ ലോകകപ്പ് എഡിഷനായ ഉറുഗ്വേയില്‍ സ്‌കോറിങില്‍ ഒന്നാമനായത്. 1994വരെ ടോപ് സ്‌കോറര്‍മായി രണ്ടോ അതില്‍ കൂടുതല്‍ പേരോ എത്താറുണ്ട്. 1962ല്‍ ചിലിയില്‍ നടന്ന ലോകകപ്പില്‍ ആറ് പേരാണ് ഗോള്‍ സ്‌കോറിങില്‍ ഒപ്പമെത്തിയത്. 1994ലാണ് വിജയികളെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ സംവിധാനം നിലവില്‍ വന്നത്. രണ്ടോ അതില്‍ കൂടുതല്‍ പേരോ വിജയികളായി വന്നാല്‍ പെനാല്‍റ്റി അല്ലാതെ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരത്തിന് പുരസ്‌കാരം നല്‍കും. എന്നാല്‍ 1994 വീണ്ടും രണ്ട് പേര്‍ തന്നെ പുരസ്‌കാരത്തിന് അര്‍ഹരായി.
റഷ്യയുടെ ഒലേഗ സലെന്‍കോ, ബള്‍ഗേരിയയുടെ ഹൃസ്റ്റോ സറ്റോഷികോവ് എന്നിവര്‍ക്കായിരുന്നു കൂടുതല്‍ ഗോളുകള്‍. ഇരുവരും ആറ് ഗോളും ഓരോ അസിസ്റ്റും നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ റഷ്യയ്ക്കായി സലെന്‍കോ കാമറൂണിനെതിരായ ഒറ്റ മല്‍സരത്തിലാണ് അഞ്ച് ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോകകപ്പിലെ ഒരു മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് ഇപ്പോഴും സലെന്‍കോയുടെ പേരിലാണ്.
2006ല്‍ വീണ്ടും ്രൈട ബ്രേക്കര്‍ നിയമത്തില്‍ മാറ്റം വന്നു. രണ്ടില്‍ കൂടുതല്‍ വിജയികള്‍ വരുന്ന പക്ഷം കുറവ് മല്‍സരങ്ങളില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത താരത്തിന് പുരസ്‌കാരം നല്‍കുന്ന രീതിയായി. തൊട്ടടുത്ത 2010ലെ ലോകകപ്പില്‍ വീണ്ടും ഈ നിയമം പൊളിച്ചെഴുതി. ഗോളുകള്‍ക്കൊപ്പം കൂടുതല്‍ അസിസ്റ്റ് നേടുന്ന താരമാണ് ഗോള്‍ഡന്‍ ബൂട്ടിനര്‍ഹന്‍ എന്ന് ഫിഫ വിധിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010ലെ ലോകകപ്പില്‍ ജര്‍മ്മനിയുടെ തോമസ് മുള്ളര്‍, സ്പെയിനിന്റെ ഡേവിഡ് വില്ല, നെതര്‍ലന്റസിന്റെ വെസ്ലി സനൈഡര്‍, ഉറുഗ്വെയുടെ ഡീഗോ ഫോര്‍ലാന്‍ എന്നിവര്‍ അഞ്ച് ഗോളുമായി പുരസ്‌കാരത്തിന് മല്‍സരിച്ചു. എന്നാല്‍ മൂന്ന് അസിസ്റ്റുള്ള തോമസ് മുള്ളര്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയായിരുന്നു.
ഒരു സിഗിള്‍ എഡിഷനില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത റെക്കോഡ് ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊന്റൈന്റെ പേരിലാണ്. 1958 ലോകകപ്പില്‍ താരം നേടിയത് 13 ഗോളുകളാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു താരം ഗോള്‍ഡന്‍ ബൂട്ട് രണ്ട് തവണ കരസ്ഥമാക്കിയിട്ടില്ല. 1966ല്‍ ഒമ്പത് ഗോളുമായി പോര്‍ച്ചുഗല്‍ ഇതിഹാസം യുസേബിയോ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ 70ലെ ലോകകപ്പില്‍ 10 ഗോളുമായി ജര്‍മ്മനിയുടെ ജെറാഡ് മുള്ളറും വിജയിയായി. 2002 ലോകകപ്പില്‍ ബ്രസീലിന്റെ റൊണാള്‍ഡോ റൊസാരിയോ എട്ട് ഗോളുമായും 2006ല്‍ അഞ്ച് ഗോളുമായി ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്സെയും 2010ല്‍ ജര്‍മ്മനിയുടെ തന്നെ തോമസ് മുള്ളര്‍ അഞ്ചു ഗോളുമായും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ആറ് ഗോളുമായി കൊളംബിയയുടെ ജെയിംസ് റൊഡ്രിഗസും ഇത്രയും ഗോളുമായി റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.