നഷ്ടപ്പെടുത്തിയത് രണ്ട് പെനാല്‍റ്റി; തുടര്‍ന്ന് പരിക്ക്, ടീമിന് പുറത്തേക്ക്; ഓര്‍ക്കാനാവാത്ത രാത്രിയുമായി എംബാപ്പെ
എംബാപ്പെയ്ക്ക് പകരം എത്തിയ ഹ്യൂഗോ എക്റ്റിക്കെ ഒരു ഗോളിന് വഴിയൊരുക്കുയും ചെയ്തു.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മല്‍സരം പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. മോണ്ട്‌പെല്ലിയറിനെതിരായ മല്‍സരത്തില്‍ ടീം ജയിച്ചെങ്കിലും എംബാപ്പെ എന്ന താരം നഷ്ടപ്പെടുത്തിയത് രണ്ട് പെനാല്‍റ്റികളാണ്. 8, 10 മിനിറ്റുകളിലാണ് താരം പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തിയത്. ലോകോത്തര സ്‌ട്രൈക്കറില്‍ നിന്നും ഈ തെറ്റ് വന്നതില്‍ ആരാധകരും രോഷാകുലരാണ്. ട്വിറ്ററില്‍ എംബാപ്പെയ്‌ക്കെതിരെ മോശമായ രീതിയിലാണ് ആരാധകര്‍ പ്രതികരിച്ചത്. പെനാല്‍റ്റികള്‍ പാഴാക്കിയതിന് ശേഷം 34ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് എംബാപ്പെ പുറത്ത് പോയി. കാലിന്റെ തുടയ്ക്ക് പരിക്കേറ്റാണ് എംബാപ്പെ പുറത്തായത്.
എംബാപ്പെയ്ക്ക് പകരം എത്തിയ ഹ്യൂഗോ എക്റ്റിക്കെ ഒരു ഗോളിന് വഴിയൊരുക്കുയും ചെയ്തു. മല്‍സരത്തില്‍ 3-1ന് പിഎസ്ജി ജയിച്ചിരുന്നു. സ്‌പെയിന്‍ താരം ഫാബിയന്‍ റൂയിസ്(55), ലയണല്‍ മെസ്സി(72), 16 കാരനായ വഹന്‍ സെയ്‌റി എമറി(ഇഞ്ചുറി ടൈം) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. എക്റ്റിക്കെ, റൂയിസ്, അശ്‌റഫ് ഹക്കീമി എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കി. പേശി വേദന കാരണം സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിനായി ഈ മാസം 15നിറങ്ങുന്ന പിഎസ്ജിക്ക് നെയ്മറിന്റെയും എംബാപ്പെയുടെയും പരിക്ക് തിരിച്ചടിയായേക്കും.