18 വര്‍ഷത്തിന് ശേഷം പാക് ജെഴ്‌സി അഴിച്ച് മുഹമ്മദ് ഹഫീസ്; ഫ്രാഞ്ചൈസി ലീഗുകളില്‍ തുടരും
അന്താരാഷ്ട്ര കരിയറില്‍ ഒമ്പത് തവണ പ്ലയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ടുണ്ട്.
ഇന്റലിജന്റ് -അഗ്രസീവ് ബാറ്റിങ് എന്ന് വിശേഷണത്തിന് അര്‍ഹനായ പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലാഹോറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് 41 കാരനായ ഹഫീസ് നീണ്ട 18 വര്‍ഷത്തെ പാക് ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. ടോപ് സിക്‌സില്‍ എവിടെയും വിശ്വസിപ്പിച്ചിറക്കാന്‍ പറ്റുന്ന താരമായാണ് ഹഫീസ് അറിയപ്പെട്ടത്. അവസാനമായി കളിച്ചത് ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലാണ്. ബാറ്റിങിന് പുറമെ ഓഫ്‌സ്പിന്‍ ബൗളിങില്‍ പ്രത്യേക കഴിവ് തെളിയിച്ച താരമാണ് പ്രഫസര്‍ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഹഫീസ്.
2003ല്‍ പാകിസ്താനായി അരങ്ങേറ്റം കുറിച്ച ഹഫീസ് ടീമിനായി 218 ഏകദിനങ്ങളും 55 ടെസ്റ്റുകളും 119 ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 11 സെഞ്ചുറിയും 38 അര്‍ദ്ധസെഞ്ചുറിയും ഉള്‍പ്പെടെ 6614 റണ്‍സ് നേടിയിട്ടുണ്ട്.ട്വന്റയില്‍ 2514 റണ്‍സും 61 വിക്കറ്റുകളും നേടി. ടെസ്റ്റില്‍ 10 സെഞ്ചുറിയടക്കം 3652 റണ്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ ഒമ്പത് തവണ പ്ലയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ടുണ്ട്. കൂടാതെ 32 തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കിയ നാലാമത്തെ പാക് താരമാണ് ഹഫീസ്. ഷാഹിദ് അഫ്രീദി (43), വസീം അക്രം (39), ഇന്‍സമാമുല്‍ ഹഖ് (33) എന്നിവരാണ് മുന്‍പ് ഈ നേട്ടം താണ്ടിയവര്‍. ഏകദിനത്തില്‍ 139 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2018ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിര സാന്നിധ്യമായ ഹഫീസ് അവയില്‍ തുടര്‍ന്നും കളിക്കുമെന്നറിയിച്ചു. ഫ്രാഞ്ചൈസി ലീഗില്‍ പുതിയ സീസണില്‍ ലാഹോ ക്വാലന്‍ഡേഴ്‌സിനായാണ് കളിക്കുക.
18 വര്‍ഷം പാകിസ്താന്റെ ജെഴ്‌സിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണെന്ന് താരം വ്യക്തമാക്കി. അഭിമാനത്തോടും സംതൃപ്തിയോടും കൂടിയാണ് പാക് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്-ഹഫീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ടീമിനായി ടോപ് ക്ലാസ്സ് പ്രകടനമാണ് താരം നടത്തിയത്. ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ നിര്‍ണ്ണായക ജയത്തിലും സെമിയില്‍ ഓസിസിനെതിരായ മല്‍സരത്തിലും ഹഫീസ് മികച്ച പ്രകടനം നടത്തിയിരുന്നു. ലോകകപ്പിന് ശേഷം പാകിസ്താനില്‍ നടന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് താരത്തെ തഴഞ്ഞിരുന്നു.